ആരാണ് ആ നന്മനിറഞ്ഞ കേരളത്തിലെ കളക്ടര്‍.?; സോഷ്യല്‍ മീഡിയ ഉത്തരം തേടുന്നു.!

By Web TeamFirst Published Jan 23, 2020, 7:21 PM IST
Highlights

കേരളത്തിലെ ഒരു ജില്ലയിലെ കളക്ട്രേറ്റിലെ ജോലിക്കാരന്‍ സ്ട്രോക്ക് വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഈ ജോലിക്കാരന്‍റെ കുടുംബത്തിലെ ഏക വരുമാനമുള്ള വ്യക്തി അദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്‍റെ പിതാവ് മുന്‍പ് തന്നെ വീഴ്ചയില്‍ കാലുവയ്യാതെ കിടപ്പിലാണ്.

തിരുവനന്തപുരം: ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന് പിന്നില്‍ മറഞ്ഞിരിക്കുന്ന നല്ല കളക്ടറെ തേടുകയാണ് സോഷ്യല്‍ മീഡിയ. ട്വിറ്റര്‍ അക്കൗണ്ടായ ജയ് അമ്പാടി (@jay_ambadi)ട്വിറ്ററില്‍ പങ്കുവച്ച സംഭവമാണ് ഇത്തരം ഒരു ചര്‍ച്ചയിലേക്ക് നീങ്ങുന്നത്. സംഭവം ഇങ്ങനെ.

കേരളത്തിലെ ഒരു ജില്ലയിലെ കളക്ട്രേറ്റിലെ ജോലിക്കാരന്‍ സ്ട്രോക്ക് വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഈ ജോലിക്കാരന്‍റെ കുടുംബത്തിലെ ഏക വരുമാനമുള്ള വ്യക്തി അദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്‍റെ പിതാവ് മുന്‍പ് തന്നെ വീഴ്ചയില്‍ കാലുവയ്യാതെ കിടപ്പിലാണ്. സ്ട്രോക്ക് വന്ന് ആശുപത്രിയിലായ കലക്ട്രേറ്റ് ജീവനക്കാരന്‍റെ ആശുപത്രി ബില്ല് ഏതാണ്ട് 2 ലക്ഷത്തോളമായി. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ കയ്യിലാണെങ്കില്‍ അത്രയും തുക ഇല്ലായിരുന്നു.

ഇതോടെ ഈ വിഷമ സന്ധിയില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നവര്‍ പണം സമാഹരിച്ചു. അവര്‍ രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ച് ബില്ല് അടക്കുവാനായി ആശുപത്രിയില്‍ എത്തി. ആശുപത്രിയില്‍ നിന്നും ഇവര്‍ക്ക് ലഭിച്ച മറുപടി മറ്റൊരു വാര്‍ത്തയായിരുന്നു ബില്ലിലെ 1.5 ലക്ഷം രൂപ ജില്ല കളക്ടര്‍ എത്തി നേരിട്ട് അടച്ചു. 

എന്തായാലും വാര്‍ത്ത കളക്ട്രേറ്റിലെ ജീവനക്കാര്‍ക്കിടയില്‍ പരന്നു. ചെറിയ സഹായങ്ങള്‍ ചെയ്ത് വലിയ അവകാശവാദം ഉന്നയിക്കുന്ന കളക്ടര്‍മാരെ മാത്രം കണ്ട ജീവനക്കാര്‍ക്ക് ഒരു ജീവനക്കാരന്‍റെ ക്ഷേമത്തില്‍ ഇത്രയും താല്‍പ്പര്യപ്പെട്ട കളക്ടര്‍ ഒരു പുതിയ വിശേഷമായിരുന്നു - ജയ് അമ്പാടി ട്വിറ്ററില്‍ കുറിക്കുന്നു.

എന്തായാലും സ്വകാര്യതയെ  കരുതി കളക്ടറുടെയോ ജീവനക്കാരുടെയോ വിവരം പുറത്തുവിടുന്നില്ലെന്ന് ജയ് പറയുന്നു. എന്നാല്‍ ആരാണ് എന്ന അന്വേഷണങ്ങള്‍ ഇദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ സജീവമാണ്. ജില്ല എതാണെന്ന് പറഞ്ഞാല്‍ മതിയെന്നൊക്കെയാണ് ചോദ്യം. എന്തായാലും വലിയ നന്മ കാണിച്ച കളക്ടര്‍ക്കായുള്ള അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.

click me!