
വിശ്രമിക്കുന്നതിനിടയില്‍ തലോടാനെത്തിയ വിനോദ സഞ്ചാരിയെ ആക്രമിച്ച് കംഗാരു. ഓസ്ട്രേലിയയില്‍ അവധി ആഘോഷത്തിന് പോയ യുവതിയെ ആണ് കംഗാരു ഓടിച്ചത്. സിഡ്നിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള കംഗാരു താഴ്വരയിലെത്തിയതായിരുന്നു ഷകീല എന്ന വിനോദ സഞ്ചാരി. വിശ്രമിക്കുകയായിരുന്ന കംഗാരുവിന് പിന്നിലൂടെ എത്തിയ യുവതി കംഗാരുവിനെ തൊടാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്.
കുറച്ച് കൂടി അടുത്തെത്തി കംഗാരുവിനെ കാണാനുള്ള ശ്രമത്തിലായിരുന്നു വിനോദ സഞ്ചാരി. എന്നാല്‍ പെട്ടന്ന് കംഗാരു തിരിഞ്ഞ് നോക്കുകയായിരുന്നു. പിന്നില്‍ ആളെ കണ്ടതും കംഗാരു യുവതിക്ക് നേരെ തിരിഞ്ഞു. ഓടി രക്ഷപ്പെടാനുള്ള യുവതിയുടെ ശ്രമവും ഫലം കണ്ടില്ല. പുല്‍മേട്ടില്‍ യുവതി തട്ടി വീഴുകയായിരുന്നു. ഇതോടെ കംഗാരു യുവതിയെ ചവിട്ടിയാണ് കലിപ്പടക്കിയത്. യുവതിയുടെ മുകളിലേക്ക് ചാടുന്ന കംഗാരുവിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ കുറച്ച് തവണ യുവതിയുടെ ശരീരത്തിലേക്ക് ചാടിയ ശേഷം കംഗാരു തനിയെ തിരിച്ച് പോയതിനാല്‍ യുവതിക്ക് ജീവന്‍ നഷ്ടമായില്ല.
എന്നാവ്‍ കംഗാരുവിന്‍റെ കാല്‍ നഖം കൊണ്ടതടക്കമുള്ള പരിക്കുകള്‍ യുവതിക്ക് ഏറ്റിട്ടുണ്ട്. 100 വര്‍ഷങ്ങള്‍ക്കിടയില്‍ നടക്കുന്ന രണ്ടാമത്തെ കംഗാരു ആക്രമണം ആണെന്നാണ് സംഭവത്തെക്കുറിച്ച് പ്രദേശവാസികളഅ പറയുന്നത്. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ പീറ്റര്‍ ഈഡ്സ് എന്ന 77കാരന്‍ പശ്ചിമ ഓസ്ട്രേലിയയില്‍ കംഗാരുവിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അക്രമാസക്തനായ കംഗാരുവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു ഇയാളുടെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് അന്ന് മാറ്റാന്‍ സാധിച്ചത്.
സാധാരണ ഗതിയില്‍ കംഗാരുക്കളെ അക്രമകാരികളെന്ന ഗണത്തിലല്ല ഉള്‍പ്പെടുത്തിയിട്ടുള്ളത്. മനുഷ്യരുമായി ഇടപഴകുന്ന സാഹചര്യം കംഗാരുക്കള്‍ക്ക് വളരെ കുറവാണ് അതിനാല്‍ തന്നെ അവയുമായി ഇടപഴകുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്ന് വിദഗ്ധര് മുന്നറിയിപ്പ് നല്‍കിയിട്ടും യുവതി സാഹസത്തിന് മുതിരുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam