
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പീഡന പരാതിയില്‍ നടപടി വേണമെന്ന് മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ. പരാതിയില്‍ സംഘടനാ നടപടി ആവശ്യപ്പെട്ട് വി.എസ് യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീ സംരക്ഷണ നിലപാട് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
അതേസമയം, പെൺകുട്ടി പോലീസിൽ പരാതിപെട്ടാൽ പാർട്ടി പിന്തുണയ്ക്കുമെന് വൃന്ദകാരാട്ട് വ്യക്തമാക്കി. കേസിൽ ദേശീയ വനിതാകമ്മീഷനും നിലപാട് കർശനമാക്കുകയാണ്. എന്നാല്‍, പരാതി പൂഴ്ത്തി വച്ചു എന്ന ആരോപണം നേരിടാനുള്ള തിരക്കിട്ട നീക്കങ്ങളാണ് സിപിഎം കേന്ദ്ര നേതൃത്വത്തിൽ കണ്ടത്. ലൈംഗിക അതിക്രമ പരാതികളിൽ വിട്ടുവീഴ്ചയില്ലന്ന് വ്യക്തമാക്കി പരാതിയുടെ സ്വഭാവവും വൃന്ദ കാരാട്ട് വെളിപ്പെടുത്തി. അന്വഷണം പെട്ടെന്ന് പൂർത്തായാക്കണമെന്ന വികാരമാണ് സംസ്ഥാന ഘടകത്തെ കേന്ദ്രനേതാക്കൾ അറിയിച്ചത്
ഇതിനിടെയാണ് വിഎസ് അച്യുതാനന്ദൻ പാർട്ടി സ്ത്രീവിരുദ്ധർക്കെതിരെ കർക്കശ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോളിറ്റ് ബ്യൂറോയെ സമീപിച്ചത്. പരാതിയോട് ഗൗരവമായി പ്രതികരിച്ചില്ല എന്ന ആരോപണം തിരിച്ചടിയാണ്. കേന്ദ്രനേതൃത്വത്തിൻറെ മേൽനോട്ടം അന്വേഷണത്തിന് വേണമെന്നും വിഎസ് നിർദ്ദേശിക്കുന്നു. സംസ്ഥാന വനിതാകമ്മീഷനെകിരെ ആഞ്ഞടിച്ച ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ പികെ ശശിയുടെ രാജി ആവശ്യപ്പെട്ടു.
സംഭവത്തില്‍, വൃന്ദ കാരാട്ടും, എസ് രാമചന്ദ്രൻ പിള്ളയും വിശദീകരണം നല്‍കിയപ്പോഴും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മൗനം പാലിച്ചു. വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലാണ് ഇപ്പോഴും പിബിയിലെ ഒരു വിഭാഗത്തിനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam