സൗദിയില്‍ വേതന സുരക്ഷാ പദ്ധതി; ഇനി കൃത്യമായി ശമ്പളം ലഭിക്കും

By Web DeskFirst Published Aug 3, 2017, 1:43 AM IST
Highlights

റിയാദ്: സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടം നിലവില്‍ വന്നു. എണ്‍പതില്‍ താഴെ ജീവനക്കാരുള്ള ഏഴായിരത്തിലധികം സ്ഥാപനങ്ങളാണ് പുതുതായി പദ്ധതിക്ക് കീഴില്‍ വരുന്നത്. വേതന സുരക്ഷാ പദ്ധതിയുടെ പതിനൊന്നാം ഘട്ടം ഇന്നലെയാണ് പ്രാബല്യത്തില്‍ വന്നത്. അറുപതു മുതല്‍ എഴുപത്തിയൊമ്പത് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളും ഇതോടെ പദ്ധതിക്ക് കീഴില്‍ വരും. 

7,021 സ്ഥാപനങ്ങളിലെ 481,097 തൊഴിലാളികള്‍ക്ക് പുതുതായി പദ്ധതിയുടെ ഗുണം ലഭിക്കും. എണ്‍പതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപങ്ങളിലായിരുന്നു കഴിഞ്ഞ പത്ത് ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കിയിരുന്നത്. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് കരാര്‍ പ്രകാരമുള്ള ശമ്പളം ബാങ്ക് വഴി ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയാണ് വേതന സുരക്ഷാ പദ്ധതിയുടെ പധാന ലക്ഷ്യം. 

ശമ്പളം വൈകിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുവ്വായിരം റിയാല്‍ മുതല്‍ പിഴ ചുമത്തും. തുടര്‍ച്ചയായ രണ്ടു മാസം ശമ്പളം വൈകിയാല്‍ സ്ഥാപങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കും. 2012മുതലാണ് വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. 

പദ്ധതിയുടെ പതിനൊന്നു മുതല്‍ പതിനാറ് വരെയുള്ള ഘട്ടങ്ങളില്‍ പതിനൊന്നു മുതല്‍ എണ്‍പത് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പതിനൊന്നില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്ന തിയ്യതി പിന്നീട് തീരുമാനിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
 

click me!