
ദില്ലി: നോട്ട് അസാധുവാക്കൽ തീരുമാനത്തെ വർഗ്ഗീയമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം ജനം പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നോട്ട് അസാധുവാക്കൽ തുടക്കം മാത്രമാണെന്നും കള്ളപ്പണവിരുദ്ധ നടപടികളിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്നും പ്രധാനമന്ത്രി മൻകി ബാത്തിൽ വ്യക്തമാക്കി. ഇതിനിടെ വണ്ടി ചെക്ക് നല്കുന്നുവരെ ജാമ്യം നല്കാതെ ജയിലിൽ അടയ്ക്കാനുള്ള വ്യവസ്ഥ കൊണ്ടു വരാൻ സർക്കാർ നീക്കം തുടങ്ങി.
വൻശക്തികൾ കള്ളപ്പണത്തിന് എതിരെയുള്ള സർക്കാർ നീക്കത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ ഇതൊരു തുടക്കം മാത്രമാണ്. ഒരു കാരണവശാലും ഇപ്പോഴത്തെ നീക്കം നിറുത്തിവയ്ക്കുകയോ പിൻമാറുകയോ ചെല്ലില്ല. രാഷ്ട്രീയ പാർട്ടികളെ നിയമം ലംഘിക്കാൻ അനുവദിക്കില്ല. കള്ളപ്പണക്കാർ രക്ഷപ്പെടാൻ പലവഴികൾ തേടിയതു കൊണ്ടാണ് പുതിയ പുതിയ തീരുമാനങ്ങൾ വേണ്ടി വന്നത്. നോട്ട് അസാധുവാക്കൽ ഒരു വിഭാഗത്തിന് എതിരെയാണെന്ന് ഉൾപ്പടെ പല കുപ്രചരണവും നടന്നു എന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഡിജിറ്റൽ ഇപാടുകൾക്ക് ഇന്നു മുതൽ തുടങ്ങിയ സമ്മാന പദ്ധതി നൂറു ദിവസം തുടരുമെന്നും ഏപ്രിൽ പതിനാല് അംബേദക്കർ ജയന്തി ദിനത്തിൽ ബംപർനറുക്കെടുപ്പ് നടക്കുമെന്നും നരേന്ദ്ര മോദി അറിയിച്ചു. ഡിജിറ്റൽ ഇടപാടിനൊപ്പം ചെക്ക് ഉപയോഗം കൂട്ടാൻ നിയമഭേദഗതി കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചു. വണ്ടിച്ചെക്ക് നല്കിയാൽ ജാമ്യമില്ലാതെ ജയിലിൽ അടയ്ക്കാനാണ് വ്യവസ്ഥ. ഇതിനു മുമ്പ് 30 ദിവസം ഒത്തുതീർപ്പിന് നല്കും. ബജറ്റ് സമ്മേളനത്തിൽ നിയമഭേദഗതി അവതരിപ്പിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam