
കൊച്ചി: സാമൂഹിക മാധ്യമത്തിലൂടെ ബലാത്സംഗഭീഷണി മുഴക്കിയ മധ്യവയസ്കനെതിരെ മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. വടകര സ്വദേശിയായ രൂപേഷ് ചാത്തോത് തന്നെ ബലാത്സംഗം ചെയ്യുമെന്നും ഗര്‍ഭിണിയാക്കുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിനയുടെ പരാതി. സംഭവത്തെക്കുറിച്ച് ഷാഹിന തന്നെ തന്‍റെ ഫേസ്ബുക്കിലും കുറിച്ചു. രൂപേഷിന്‍റെ കമന്‍റുകളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള ഇയാളുടെ പോസ്റ്റിനെ വിമര്‍ശിച്ചതാണ് ഇയാളെ ചൊടിപ്പിച്ചതെന്നും ഷാഹിന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
കുവൈറ്റിലെ സല്‍മിയയില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് എന്ന കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇയാള്‍. ലൈംഗികതയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനമോ മുന്‍വിധിയോ വച്ച് പുലര്‍ത്തുന്നവരെ കണ്ടെത്തുകയെന്ന ലക്ഷ്യമിട്ട് സ്‌പോട്ട്എ സെക്‌സിസ്റ്റ് എന്ന ചാലഞ്ചിന് മാധ്യമപ്രവര്‍ത്തക ജിഷ എലിസബത്ത് തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെ നടി പാര്‍വ്വതിയെ ഇത്തരത്തില്‍ അധിക്ഷേപിച്ചുകൊണ്ട് രൂപേഷ് ഫേസ്ബുക്കിലിട്ട കുറിപ്പ് ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് ഷാഹിന അത്തരത്തില്‍ ഒരാളിതായെന്ന് ജിഷയുടെ പോസ്റ്റിന് കീഴില്‍ കമന്‍റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ബലാത്സംഗഭീഷണിയുമായി രംഗത്തുവന്നതെന്നും ഷാഹിന പറഞ്ഞു.
ജിഷ എലിസബത്തിന്‍റെ പോസ്റ്റിന് കീഴിലുള്ള തന്‍റെ കമന്‍റുകള്‍ക്ക് മറുപടിയായാണ് രൂപേഷ് തന്നെ ബലാത്സംഗം ചെയ്യുമെന്നും ഗര്‍ഭിണിയാക്കുമെന്നും ഭീഷണിപ്പെടുത്തിയത് എന്ന് ഷാഹിന പറയുന്നു. സ്ത്രീകള്‍ക്ക് ബുദ്ധിയില്ല, സ്ത്രീകളേ ശരിയല്ല എന്ന തരത്തിലായിരുന്നു രൂപേഷിന്‍റെ പോസ്റ്റ്.
തന്നെ അധിക്ഷേപിച്ചുകൊണ്ടുളള പോസ്റ്റുകള്‍ പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയാല്‍ നിയമനടപടിയില്‍ നിന്ന് ഒഴിവാക്കാമെന്ന് അറിയിച്ചുകൊണ്ട് രൂപേഷിന്റെ ഭാര്യയ്ക്ക് ഷാഹിന സന്ദേശം അയച്ചിരുന്നു. എന്നാല്‍ അതോടെ അയാളുടെ വാശിയും വെല്ലുവിളിയും അധിക്ഷേപവും കൂടുകയാണ് ഉണ്ടായത്. തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും ഷാഹിന പറഞ്ഞു.
സൈബര്‍ സെല്ലിനും ഡിജിപിക്കും പരാതി നല്‍കി. പരാതി നല്‍കിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും സൈബര്‍ സെല്ലില്‍ നിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല എന്നും ഷാഹിന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കൂടാതെ രൂപേഷിന്‍റെ കമ്പനിയിലേക്കും പരാതി നല്‍കിയിട്ടുണ്ട് എന്നും ഷാഹിന കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam