
ലക്നൗ: പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയും. ജ്യോതിരാദിത്യസിന്ധ്യയ്ക്കും യുപിയിലെ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാജ് ബബ്ബറിനും ഒപ്പമാണ് ഇരുവരും ജവാന്മാരുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.
സിആര്‍പിഎഫ് ജവാന്‍ അമിത് കുമാര്‍ കോറിയുടെ മരണാനന്തര പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കാണ് ആദ്യം ഇരുവരുമെത്തിയത്. 'നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് മനസിലാകും' എന്ന് പറഞ്ഞാണ് രാഹുല്‍ കോറിയുടെ കുടുംബത്തെ ആശ്വസിപ്പിച്ചത്. 'ഞങ്ങളുടെ അച്ഛന്‍റെ വിധിയും ഇതുതന്നെയായിരുന്നു'വെന്നാണ് യാത്രയില്‍ പ്രിയങ്ക തന്നോട് പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.
''ദുഃഖം നിറഞ്ഞ ഈ നിമിഷത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്... കോറിയുടെ അച്ഛന്‍ ഏറെ ദുഃഖത്തിലാണ്. ഒപ്പം മകനെ ഓര്‍ത്തുള്ള അഭിമാനത്തിലുമാണ് അദ്ദേഹം. ആ കുടുംബം അവരുടെ ജീവിതം മുഴുവന്‍ നല്‍കിയത് ആ മകനാണ്. അദ്ദേഹമാകട്ടെ തന്‍റെ സ്നേഹവും ശരീരവും ജീവനും രാജ്യത്തിന് നല്‍കി. ആ ത്യാഗത്തിന് രാജ്യം മുഴുവന്‍ നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. ഇത് ഒരിക്കലും മറക്കാനാവില്ല'' രാഹുല്‍ ഗാന്ധി പറഞ്ഞു.
അജിത് കുമാര്‍ കോറിയുടെ വീട്ടില്‍നിന്ന് ഗാന്ധി സഹോദരങ്ങള്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ പ്രദീപ് കുമാറിന്‍റെ വീട് സന്ദര്‍ശിച്ചു. 40 സിആര്‍പിഎഫ് ജവാന്മാരാണ് ഫെബ്രുവരി 14ന് ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam