നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

By Web TeamFirst Published Jan 2, 2019, 2:17 PM IST
Highlights

നേരത്തേ ബിജെപി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍ പറഞ്ഞിരുന്നു

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കര്‍മ്മസമിതി നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍. നാളെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീൻ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹർത്താലിന് എതിരായി അണിനിരക്കുമെന്നും നസിറുദ്ദീൻ വ്യക്തമാക്കി.

എല്ലാ സംഘടന പ്രതിനിധികളുമായും ചർച്ച നടത്തി. പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. ഹർത്താലിനെ അനുകൂലിക്കരുതെന്ന് ശ്രീധരൻ പിള്ളയോട് അഭ്യർത്ഥിച്ചു. കടകൾക്ക് നേരെ അക്രമമുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. 

Read More: ശബരിമലയിലെ യുവതീപ്രവേശനം: സംസ്ഥാനത്ത് വ്യാപകപ്രതിഷേധം, അക്രമം

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് കര്‍മ്മസമിതി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തേ ബിജെപി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ചേമ്പര്‍ ഓഫ് കൊമേഴ്സ് എന്നിവര്‍ ചേര്‍ന്ന് വ്യക്തമാക്കിയിരുന്നു. 

Read More : സംസ്ഥാനത്ത് നാളെ ശബരിമല കർമ്മസമിതിയുടെ ഹർത്താല്‍

യുവതീ പ്രവേശനത്തിനെതിരെ രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രി ഭീരുവെന്നും വഞ്ചകനെന്നും ശബരിമല കര്‍മസമിതി ആരോപിച്ചു. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും സമിതി വ്യക്തമാക്കി. ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് ശബരിമല കർമസമിതി ആരോപിച്ചു. മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്നും ശബരിമല കർമ്മ സമിതി ആവശ്യപ്പെട്ടു.

Read More : ശബരിമല വിഷയത്തില്‍ 97 ദിവസത്തിനുള്ളില്‍ ഇത് ആറാമത്തെ ഹര്‍ത്താല്‍

click me!