Asianet News MalayalamAsianet News Malayalam

ശബരിമല വിഷയത്തില്‍ 97 ദിവസത്തിനുള്ളില്‍ ഇത് ആറാമത്തെ ഹര്‍ത്താല്‍

ശബരിമല വിഷയത്തില്‍ നാല് മാസത്തിനുള്ളില്‍ ഇത് ആറാമത്തെ ഹര്‍ത്താല്‍. ഇതില്‍ നാല് ഹര്‍ത്താലും ശബരിമല സീസണിലാണ് നടത്തിയത്. ഈ ഹര്‍ത്താലുകളില്‍ രണ്ടെണ്ണം സംസ്ഥാന വ്യാപകമായാണ് നടത്തിയത്.

sabarimala 6th harthal at kerala with in 4month
Author
Thiruvananthapuram, First Published Jan 2, 2019, 2:34 PM IST

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ 97 ദിവസത്തിനുള്ളില്‍ നടത്തപ്പെടുന്ന ആറാമത്തെ ഹര്‍ത്താലാണ് നാളെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ ഹര്‍ത്താലുകളില്‍ നാളെ നടക്കാനിരിക്കുന്നത് ഉള്‍പ്പടെ മൂന്നെണ്ണം സംസ്ഥാന വ്യാപകമായിരുന്നു. ബാക്കി രണ്ടെണ്ണം പത്തനംതിട്ടയിലും, ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്. ഇതില്‍ നാല് ഹര്‍ത്താലും ശബരിമല സീസണില്‍ തന്നെയായിരുന്നു. 

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ചാണ് ശബരിമല കർമ്മസമിതി നാളെ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ബി ജെ പി ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

07-10-2018  ശബരിമല സ്ത്രീപ്രവേശന വിധിയിൽ പുനപരിശോധനാ ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിലും, യുവമോർച്ച സംഘടിപ്പിച്ച സമരത്തിൽ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റതിലും പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തി

02-11-2018 ശിവദാസന്‍ എന്ന ശബരിമല തീര്‍ത്ഥാടനത്തിന് പോയ ലോട്ടറി വില്‍പ്പനക്കാരന്‍ ളാഹയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടതിലായിരുന്നു ബിജെപി ഹര്‍ത്താല്‍. ഇയാള്‍ പൊലീസ് മര്‍ദ്ദനത്തില്‍ കൊല ചെയ്യപ്പെട്ടു എന്നാണ് ബിജെപി ആരോപിച്ചത്. എന്നാല്‍ നിലയ്ക്കലിലെ പൊലീസ് നടപടിക്ക് ശേഷമാണ് ശിവദാസന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത് എന്ന് പിന്നീട് മനസിലായി. പത്തനംതിട്ട ജില്ലയിലായിരുന്നു ഹര്‍ത്താല്‍

17-11-2018 ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക ഹര്‍ത്താല്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

11-12-2018 ശബരിമല പ്രശ്നത്തില്‍ സമരം ചെയ്തവരെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച്  ബിജെപി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി.

14-12-2018 സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍

3-01-2019 ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ആറാമത്തെ ഹര്‍ത്താല്‍ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.

Read More : സംസ്ഥാനത്ത് നാളെ ശബരിമല കർമ്മസമിതിയുടെ ഹർത്താല്‍

Read More : നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

Follow Us:
Download App:
  • android
  • ios