അലിഗഡില്‍ സംഭവിക്കുന്നതെന്ത്?

Published : Feb 03, 2022, 02:16 PM ISTUpdated : Mar 22, 2022, 05:39 PM IST
അലിഗഡില്‍ സംഭവിക്കുന്നതെന്ത്?

Synopsis

അലിഗഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ആജീവനാന്ത അംഗത്വം നല്‍കി ആദരിച്ചവരുടെ ചിത്രങ്ങള്‍ സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലുള്ള പാകിസ്ഥാന്‍ രാഷ്‌ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം എടുത്തുമാറ്റണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം.

അലിഗഡ്: കേന്ദ്ര സര്‍വകലാശാലയായ അലിഗഡ് മുസ്ലിം യൂണിവേഴ്‌സ്റ്റിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘര്‍ഷം പുകയുകയാണ്. ഇന്ന് വൈകുന്നേരം ക്യാമ്പസിലേക്ക് ഹിന്ദു യുവവാഹിനി എന്ന സംഘടനയും എ.ബി.വി.പിയും നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മാര്‍ച്ചോടെ സര്‍വകലാശാല വീണ്ടും പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. ഉച്ച മുതല്‍ അര്‍ദ്ധരാത്രി വരെ അലിഗഡില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുന്നതിനാല്‍ അവിടെ നിന്നുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. 1938ല്‍ സര്‍വകലാശാലയില്‍ സ്ഥാപിച്ച മുഹമ്മദലി ജിന്നയുടെ ചിത്രം എടുത്തുമാറ്റണമെന്ന ആവശ്യമാണ് ഇത്തവണ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

അലിഗഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ആജീവനാന്ത അംഗത്വം നല്‍കി ആദരിച്ചവരുടെ ചിത്രങ്ങള്‍ സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലുള്ള പാകിസ്ഥാന്‍ രാഷ്‌ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം എടുത്തുമാറ്റണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. ഈ വിഷയത്തില്‍ അലിഗഡിലെ ബി.ജെ.പി എം.പി സതീഷ് ഗൗതം, വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ ബുധനാഴ്ച ഹിന്ദുയുവ വാഹിനി പ്രവര്‍ത്തകര്‍ ക്യാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ക്യാമ്പസില്‍ അതിക്രമിച്ച് കയറിയ ഇവര്‍ വ്യാപക അക്രമങ്ങളാണ് നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥി യൂണിയന്റെ ആജീവനാന്ത അംഗത്വം സ്വീകരിക്കാനായി മുന്‍ ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരിയും  ഈ സമയത്ത് ക്യാമ്പസിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് മതിയായ സുരക്ഷ ക്യാമ്പസില്‍ ഉറപ്പുവരുത്തിയില്ലെന്നും അംഗരക്ഷകരെ പോലും ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. 

വനിതാ ഹോസ്റ്റലുകളില്‍ അടക്കം അക്രമികള്‍ അഴിഞ്ഞാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ""ഹാമിദ് അന്‍സാരിയെ ആക്രമിക്കാനുള്ള ശ്രമം നടന്നു. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണ്. വിദ്യാര്‍ത്ഥികളുടെ പരാതി സ്വീകരിക്കാനോ കേസെടുക്കാനോ പോലും പൊലീസ് തയ്യാറായില്ല. അവരെ നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു-വെന്നും'' വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അനിശ്ചിതകാല നിരാഹാര സമരവും വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചിട്ടുണ്ട്. റിട്ട. ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും യൂണിയന്‍ നേതാക്കള്‍ പറ‍ഞ്ഞു.

ക്യാമ്പസിലെ അതിക്രമങ്ങള്‍ക്കെതിരെയും ഇതിന് ഒത്താശ ചെയ്ത പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യവുമായി വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധവും അക്രമാസക്തമായി. പൊലീസ് നിരവധി തവണ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചു. പൊലീസുകാരുള്‍പ്പെടെ 40ഓളം പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.  ആയിരത്തോളം പേരെ സംഘടിപ്പിച്ച് വെള്ളിയാഴ്ച ക്യാമ്പസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എബിവിപിയും ഹിന്ദു യുവ വാഹിനിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഞ്ച് കമ്പനി ദ്രുത കര്‍മ്മ സേന അടക്കം വന്‍ പൊലീസ് സന്നാഹത്തെ ക്യാമ്പസില്‍ വിന്യസിച്ചിരിക്കുകയാണിപ്പോള്‍. വെള്ളിയാഴ്ച രാത്രി വരെ ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.

അഗിലഡ് കേന്ദ്ര സര്‍വകലാശാലയാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും പറഞ്ഞ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അതൊടൊപ്പം തന്നെ ജിന്നയെ ആദരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജിന്നയെ തങ്ങളാരും നേതാവായി കാണുന്നില്ലെന്നും എന്നാല്‍ അദ്ദേഹം സര്‍വകലാശാലയുടെയും രാജ്യത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാണെന്നുമാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. വിഷയം വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍വകലാശാല അധികൃതരും ചേര്‍ന്ന് പരിഹരിക്കുമെന്നും ഇക്കാര്യത്തില്‍ പുറത്ത് നിന്നുള്ളവരുടെ ഇടപെടല്‍ അനുവദിക്കാനാവില്ലെന്നും അവര്‍ പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
അടിച്ച് ഫിറ്റായി, പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം