മരണത്തിന് തൊട്ട് മുമ്പ് പ്രണയിയെ സ്വന്തമാക്കി ഹെതര്‍; വിവാഹം ആശുപത്രിക്കിടക്കയില്‍

Published : Feb 03, 2022, 02:16 PM IST
മരണത്തിന് തൊട്ട് മുമ്പ് പ്രണയിയെ സ്വന്തമാക്കി ഹെതര്‍; വിവാഹം ആശുപത്രിക്കിടക്കയില്‍

Synopsis

വിവാഹവും വിവാഹത്തിന് ശേഷമുള്ള ആഘോഷങ്ങളും പ്രതീക്ഷകളാണ് വധൂവരന്മാര്‍ക്ക്. എന്നാല്‍ പ്രതീക്ഷയുടെ അവസാനവാക്കായിരുന്നു ഹെതറിനും ഡേവിഡിനും വിവാഹം. ഹാര്‍ട്ട്ഫര്‍ട്ടിലെ ഫ്രാന്‍സിസ് ഹോസ്പിറ്റലാണ് കണ്ണീരില്‍ കുതിര്‍ന്ന ആ വിവാഹത്തിന് സാക്ഷിയായത്. 

സ്തനാര്‍ബുദത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഹെതര്‍. വിവാഹം കഴിഞ്ഞ് 18-ാം മണിക്കൂറില്‍ അവള്‍ ലോകത്തോട് വിടപറയുകയും ചെയ്തു. മരണത്തിന് മുമ്പ് ഡേവിഡിന് തന്റെ പ്രണയിനിയ്ക്കായി നല്‍കാവുന്ന അവസാന സമ്മാനമായിരുന്നു ആ വിവാഹം.

2015ലാണ് ഡേവിഡും ഹെതറും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് പരസ്പരമറിയുന്ന നല്ല സുഹൃത്തുക്കളായി. 2016 ഡിസംബറില്‍ പ്രണയം തുറന്ന് പറയാനിരിക്കുന്നതിനിടയിലാണ് ഡേവിഡ് അറിയുന്നത് ഹെതറിന് സ്തനാര്‍ബുദമാണെന്ന്. എന്നാല്‍ തന്റെ പ്രിയപ്പെട്ടവളെ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുകയാണ് ഡേവിഡ് ചെയ്തത്. രോഗത്തോട് പടവെട്ടിയ കഴിഞ്ഞ ഒരു വര്‍ഷം അവള്‍ക്കൊപ്പം ഡേവിഡുമുണ്ടായിരുന്നു. 
 

ഇതുകൊണ്ടും തീര്‍ന്നില്ല, ഹെതറിന്റെ ആഗ്രഹപ്രകാരം 2017 ഡിസംബര്‍ 30ന് അവളെ വിവാഹം ചെയ്യാനും ഡേവിഡ് തീരുമാനിച്ചു. എന്നാല്‍ അത്രയും ദിവസം ഹെതര്‍ ജീവനോടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ആകുമായിരുന്നില്ല. തുടര്‍ന്ന് വിവാഹം ഡിസംബര്‍ 22 ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 

വിവാഹ വസ്ത്രമണിഞ്ഞ് ആഭരണങ്ങളിട്ട് കീമോ ചെയ്ത് മുടി കൊഴിഞ്ഞ തലയില്‍ വിഗ്ഗ് വച്ച് അവള്‍ മാലാഖയെ പോലെ ഒരുങ്ങി. അവളുടെ ജീവന്‍ നിലനിര്‍ത്തേണ്ടതിനാല്‍ ഓക്‌സിജന്‍ മാസ്‌ക് അഴിച്ചിരുന്നില്ല. ആശുപത്രിക്കിടക്കയില്‍ കിടന്ന് അവള്‍ ഡേവിഡിനെ വിവാഹമോതിരമണിയിച്ചു. അവന്റെ മുഖത്ത് സന്തോഷത്തോടെ കേക്കിലെ ക്രീം പുരട്ടി കുസൃതി കാട്ടി.

തന്റെ പ്രണയിനിയുടെ ആഗ്രഹങ്ങളെല്ലാം സങ്കടമുള്ളിലൊതുക്കി ഡേവിഡ് സാക്ഷാത്കരിച്ചു. കാണികളായി ശ്വാസമടക്കി ബന്ധുക്കളും. കണ്ടുനിന്നവരുടെയെല്ലാം ഉള്ളിലെ തേങ്ങല്‍ ആ വിവാഹ വേദിയെ നിശബ്ദമാക്കി. മണിക്കൂറുകള്‍ കഴിയും മുമ്പ് ഡേവിഡിനെ തനിച്ചാക്കി ഹെതര്‍ മരണത്തിന് കീഴടങ്ങി. ഹെതറിന്റൈ സംസ്‌കാര ചടങ്ങുകള്‍ നടന്നത് ഡിസംബര്‍ 30നാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
അടിച്ച് ഫിറ്റായി, പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം