ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചവരുടെ വിവരങ്ങള്‍ സുരക്ഷിതമോ?

By Web TeamFirst Published Sep 26, 2018, 12:36 PM IST
Highlights

ഒറ്റ തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ കാര്‍ഡുകള്‍ക്ക് പച്ചക്കൊടി കാട്ടുമ്പോള്‍ തന്നെ മൊബൈല്‍ കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീംകോടതി.

ദില്ലി: ആധാറും മൊബൈലുമായി ബന്ധിപ്പിച്ചോ, ഇല്ലെങ്കില്‍ വേഗമാകട്ടേ... മൊബൈല്‍ നമ്പര്‍ കട്ടാകും... ഇങ്ങനെയുള്ള നിശബ്ദ ഭീഷണികള്‍ നിരന്തരമായി കേട്ടവരായിരിക്കും നമ്മള്‍. ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെട്ടാലോ എന്ന് ഭയന്ന് പലരും അതിന് വഴങ്ങി ആധാറുമായി ബന്ധിപ്പിച്ചിട്ടുമുണ്ടാകും. എന്നാല്‍ സുപ്രീംകോടതിയുടെ ഇന്നത്തെ വിധിയോടെ ഈ കോലാഹലങ്ങളെല്ലാം വെറുതെയായിരിക്കുകയാണ്. 

ഒറ്റ തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ കാര്‍ഡുകള്‍ക്ക് പച്ചക്കൊടി കാട്ടുമ്പോള്‍ തന്നെ മൊബൈല്‍ കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീംകോടതി. മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടും തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമായും വേണം എന്നതിനെ അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചു. 

മൊബൈൽ ഫോണുമായി ആധാര്‍ ലിങ്ക് ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്നും ടെലികോം കമ്പനികൾ ആധാർ നമ്പറുകൾ ഉടൻ നീക്കം ചെയ്യണമെന്നും കോടതി. ഉത്തരവിട്ടു. ആധാറില്ലെങ്കിൽ രാജ്യത്ത് ജീവിക്കാൻ കഴിയില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന് വിമര്‍ശിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സ്വകാര്യ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നത് ദുരപയോഗം ചെയ്യപ്പെടുമെന്ന് നിരീക്ഷിച്ചു. 

ആധാര്‍ നിര്‍ബന്ധമല്ലെന്ന് പറയുമ്പോഴും ജിയോ സിംകാര്‍ഡ് അവതരിപ്പിച്ചപ്പോള്‍ ആധാറില്ലാതെ മൊബൈല്‍ നമ്പര്‍ ലഭിക്കില്ലായിരുന്നു. ജിയോ സിംകാര്‍ഡ് എടുത്ത മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരുടെയും ആധാര്‍ വിവരങ്ങള്‍ ഇപ്പോള്‍ റിലയന്‍സിന്‍റെ പക്കലുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ആധാര്‍ കാര്‍ഡ് തീര്‍ത്തും സുരക്ഷിതമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെയാണ് ഇത്തരത്തില്‍ ഈ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമായത്. 

2018 മാര്‍ച്ച് 31 ന് അകം എല്ലാ മൊബൈല്‍ സിമ്മുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു ട്രായ് (ടെലികോം മന്ത്രാലയം) നിര്‍ദ്ദേശിച്ചിരുന്നത്. സുപ്രീംകോടതി വിധി പ്രകാരമാണ് ടെലികോം മന്ത്രാലയം മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു വാദം. എന്നാല്‍ ആധാര്‍ കേസുകള്‍ ഓരോന്നായി കോടതിയിലെത്തിയതോടെ വിധി പുറത്തുവരുന്നത് വരെ ആധാര്‍ ലിങ്ക് ചെയ്യാന്‍ ആരെയും നിര്‍ബന്ധിപ്പിക്കരുതെന്ന് അന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു 

ഇതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി. എന്തടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയതെന്നും സുപ്രീംകോടതി അന്ന് ചോദിച്ചിരുന്നു. ഉപഭോക്താവിന്‍റെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരമൊരു നിര്‍ദ്ദേശം കൊണ്ടുവന്നതെന്നും അന്ന് സുപ്രീംകോടതി ചോദിച്ചു. അന്നത്തെ നിരീക്ഷണം സാധൂകരിക്കുന്നതാണ് സുപ്രീംകോടതി ഇന്ന് പ്രസ്താവിച്ചിരിക്കുന്ന വിധി. 

click me!