ആരാണ് ഫാദർ റോബിൻ വടക്കുംചേരി? കൊട്ടിയൂർ ബലാത്സംഗക്കേസിന്‍റെ നാൾവഴികൾ ഇങ്ങനെ

By Web TeamFirst Published Feb 16, 2019, 2:45 PM IST
Highlights

ആദ്യം പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിന്‍റെ മാനേജരായിരുന്നു ഫാദർ റോബിൻ വടക്കും ചേരി. പെൺകുട്ടിയുൾപ്പടെയുള്ള വിദ്യാർഥികൾക്ക് ആധ്യാത്മികകാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്ന അധ്യാപകൻ. ആ അധ്യാപകൻ പിന്നീട് പീഡകനായപ്പോൾ..

കണ്ണൂർ: കൊട്ടിയൂർ ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാദർ റോബിൻ വടക്കുംചേരിക്ക് തലശ്ശേരി പോക്സോ കോടതി നൽകിയത് കടുത്ത ശിക്ഷയാണ്. മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിനതടവ്. മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വ‍ർഷത്തെ കഠിന തടവ് വിധിച്ചപ്പോൾ കോടതി നിരീക്ഷിച്ചത് ഇങ്ങനെ:

'സംരക്ഷകനാകേണ്ടയാൾ ഇങ്ങനെ പീഡകനാവുന്നത് ഞെട്ടിപ്പിക്കുന്നതാണ്. അധികാരസ്ഥാനമുപയോഗിച്ച് വൈദികൻ പെൺകുട്ടിയോട് കാണിച്ചത് പീഡനം തന്നെയാണ്. ഇത് അനുവദിക്കാനാകില്ല. അതിനാലാണ് കടുത്ത ശിക്ഷ വിധിക്കുന്നത്.' 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഉഭയസമ്മതപ്രകാരമാണെങ്കിലും സൂക്ഷിച്ച ബന്ധം ബലാത്സംഗമാണെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് കോടതിവിധി. 

പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ മാനേജരായിരുന്നു ഫാദർ റോബിൻ വടക്കുംചേരി. സ്കൂളിലെ വിദ്യാർഥികൾക്ക് ആദ്ധ്യാത്മികകാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും വേദപാഠം പഠിപ്പിക്കുകയും കരിയർ ഗൈഡൻസ് ക്ലാസുകൾ നൽകുകയും ചെയ്തിരുന്ന ഫാദർ റോബിൻ വടക്കുംചേരി, ആ വഴിയാണ് പെൺകുട്ടിയുമായി അടുക്കുന്നത്.

പള്ളിമേടയിൽ സ്ഥിരമായി എത്തുമായിരുന്ന പെൺകുട്ടിയെ വൈദികൻ അധികാരസ്ഥാനമുപയോഗിച്ചാണ് ബലാത്സംഗം ചെയ്യുന്നത്. പെൺകുട്ടി ഗർഭിണിയാകുകയും പ്രസവിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസിൽ പ്രതികളായി. 

വൈദികനെയും, കുഞ്ഞിനെ ഒളിപ്പിക്കാൻ ശ്രമിച്ച വയനാട് ശിശുക്ഷേമ സമിതിയിലെയും അനാഥാലയത്തിലെയും കന്യാസ്ത്രീകളെയും, രക്ഷിക്കാൻ പ്രതിഭാഗം എല്ലാ ശ്രമങ്ങളും നടത്തിയ കേസിലാണ് ഇന്ന് വിധി വന്നത്. വൈദികർ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളിൽ സുപ്രീം കോടതി വരെ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു.  

കേസിന്‍റെ നാൾവഴി ഇങ്ങനെ:

# പെൺകുട്ടി ബലാത്സംഗത്തിനിരയാകുന്നത് 2016 മുതൽ

# ബലാത്സംഗത്തിനിരയായ പെൺകുട്ടി പ്രസവിക്കുന്നത് 2016 ഡിസംബറിൽ

# കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം

# ചൈൽഡ് ലൈനിന് രഹസ്യവിവരം കിട്ടി, ഇത് പൊലീസിന് കൈമാറി

# പൊലീസ് കേസെടുത്തത് 2017 ഫെബ്രുവരി 26-ന്

# തൊട്ടുപിന്നാലെ പെൺകുട്ടിയെയും കുഞ്ഞിനെയും വയനാട് വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലാക്കി

# 2017 ഫെബ്രുവരി 28-ന് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു, കേസിൽ പിന്നീടിതുവരെ വൈദികന് ജാമ്യം കിട്ടിയിട്ടില്ല.

# ആശുപത്രി അധികൃതരടക്കം പത്ത് പേർ കസ്റ്റഡിയിലായി. പക്ഷേ, വിടുതൽ ഹർജി അംഗീകരിച്ച് സുപ്രീംകോടതി ആശുപത്രി അധികൃതരെ വിട്ടയച്ചു.

# മാർച്ച് ഒൻപതാം തീയതിയോടെ മറ്റ് പ്രതികളും പിടിയിലായി.

# കഴിഞ്ഞ വർഷം ഓഗസ്റ്റ് 1-നാണ് തലശ്ശേരി പോക്സോ കോടതിയിൽ കേസ് വിചാരണ തുടങ്ങുന്നത്.

# കേസിന്‍റെ വിധി വരുന്നതിന് മുമ്പ് ഏഴ് പേരായിരുന്നു പ്രതികൾ. ഒന്നാംപ്രതി ഫാദർ റോബിൻ വടക്കുംചേരി തന്നെ. ബാക്കിയുള്ള പ്രതികൾ, പ്രതിപ്പട്ടികയിലെ സ്ഥാനം അനുസരിച്ച്

2. തങ്കമ്മ നെല്ലിയാനി – പെൺകുട്ടിയുടെ പ്രസവസമയത്തുണ്ടായിരുന്ന സഹായി

3 - ഫാദർ തോമസ് തേരകം – വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ

4 - സിസ്റ്റർ ബെറ്റി – വയനാട് ശിശുക്ഷേമ സമിതി മുൻ അംഗം

5 - സിസ്റ്റർ ഒഫീലിയ – വൈത്തിരി അനാഥാലയം മേധാവി

6-  സിസ്റ്റർ ലിസ് മരിയ - ക്രിസ്തുരാജ കോണ്‍വന്‍റ് - തോണിച്ചാല്‍

7 - സിസ്റ്റര്‍ അനീറ്റ - ക്രിസ്തുദാസി കോണ്‍വന്‍റ് - ഇരിട്ടി

# ഇടയ്ക്ക് വച്ച്, പെൺകുട്ടി മൊഴി മാറ്റിപ്പറഞ്ഞു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും, ഈ സമയത്ത്  പ്രായപൂർത്തി ആയതാണെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു. പെൺകുട്ടിയുടെ അച്ഛനമ്മമാരും ഇതേ നിലപാടെടുത്തു.

# ഇടക്കാലത്ത്, പെൺകുട്ടിയുടെ അച്ഛനാണ് ബലാത്സംഗം ചെയ്തതെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നിരുന്നു.

# പൊലീസ് ഹാജരാക്കിയ പെൺകുട്ടിയുടെ ജനനരേഖകളും കുഞ്ഞിന്‍റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും കേസിൽ നിർണായകമായി.

# ഏഴ് പ്രതികളുമായി ഏഴ് മാസത്തോളം വിചാരണ നീണ്ടു, 38 സാക്ഷികളെ വിസ്തരിച്ചു. ഒടുവിൽ കേസ് റജിസ്റ്റർ ചെയ്ത് രണ്ട് വർഷം തികയുമ്പോഴാണ് വിധി വരുന്നത്. 

# 16-02-19 - ഫാദർ റോബിൻ വടക്കുംചേരിയെ മാത്രമാണ് കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. ബാക്കിയുള്ള ആറ് പ്രതികളെയും വെറുതെ വിട്ടു. റോബിൻ വടക്കുംചേരിക്ക് 20 വർഷത്തെ കഠിനതടവും 3 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പെൺകുട്ടിയെയും കുഞ്ഞിനെയും ലീഗൽ സർവീസസ് അതോറിറ്റി സംരക്ഷിക്കണം. കേസിൽ കള്ളസാക്ഷി പറഞ്ഞതിന് പെൺകുട്ടിയുടെ അച്ഛനമ്മമാർക്കെതിരെ നടപടി വരും.

click me!