കൊട്ടിയൂരില്‍ വൈദികൻ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; വിധി ഇന്ന്

By Web TeamFirst Published Feb 16, 2019, 6:46 AM IST
Highlights

പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി എന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസിൽ പ്രതികളായി

കണ്ണൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികൻ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കൊട്ടിയൂർ കേസിൽ വിധി ഇന്ന്. കൊട്ടിയൂർ നീണ്ടുനോക്കിയിലെ പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരിയാണ്‌ ഒന്നാം പ്രതി. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും ഒളിപ്പിക്കാനും ശ്രമിച്ച കന്യാസ്ത്രീകളും വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാനും കേസിൽ പ്രതികളാണ്.

വിചാരണക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറിയതിനാൽ ശാസ്ത്രീയ തെളിവുകൾ ആണ് നിർണായകം. പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി എന്നാണ് കേസ്.

പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസിൽ പ്രതികളായി. വൈദികനെയും, കുഞ്ഞിനെ ഒളിപ്പിക്കാൻ ശ്രമിച്ച വയനാട് ശിശുക്ഷേമ സമിതിയിലെയും അനാഥലയത്തിലെയും കന്യാസ്ത്രീകളെയും, രക്ഷിക്കാൻ പ്രതിഭാഗം എല്ലാ ശ്രമങ്ങളും നടത്തിയ കേസിലാണ് ഇന്ന് വിധി പ്രഖ്യാപിക്കുക. വൈദികർ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളിൽ സുപ്രീംകോടതി വരെ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു. 

വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞു. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു.

കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി വി റാവുവിനെ ആണ് വൈദികൻ രംഗത്തിറക്കിയത്. എന്നാൽ, പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്‍റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും പോക്സോ കേസിൽ നിർണായകമായി.

കൂറ്മാറ്റം പോക്സോ കേസിനെ ബാധിക്കില്ല എന്നാണ് വിലയിരുത്തൽ. എന്നാൽ, വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാദർ തോമസ് തേരകം അടക്കം ബാക്കി 6 പ്രതികളുടെ കുറ്റം തെളിയിക്കൽ പ്രോസിക്യുഷനു നിർണായകമാണ്. ഇതിനു കഴിഞ്ഞില്ലെങ്കിൽ വലിയ തിരിച്ചടിയാകും.

കേസിൽ നിന്നൊഴിവാക്കാൻ ഇവർ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിടാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെണ്‍കുട്ടി പ്രസവിച്ച ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റർ അടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.

പോക്സോ കേസിലെ കൂറുമാറ്റം കൊണ്ട് ശ്രദ്ധ ആകർഷിച്ച കേസ് ഇതിനാൽ തന്നെ വിധി പ്രഖ്യാപനവും നിയമ വൃത്തങ്ങളും പൊതുസമൂഹവും ഉറ്റുനോക്കുന്ന ഒന്നാണ്. 3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് ഒരു വർഷമെത്തും മുൻപ് തലശ്ശേരി പോക്സോ കോടതി വിധി പ്രഖ്യാപിക്കുന്നത്. 

click me!