'എന്തുകൊണ്ട് ഞാന്‍ ബിജെപി വിടുന്നു' വൈറലായി ഒരു കുറിപ്പ്

Web Desk |  
Published : Feb 03, 2022, 04:36 PM ISTUpdated : Mar 22, 2022, 07:24 PM IST
'എന്തുകൊണ്ട് ഞാന്‍ ബിജെപി വിടുന്നു' വൈറലായി ഒരു കുറിപ്പ്

Synopsis

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വിവര വിശകലന വിദഗ്ധനായിരുന്നു ശിവംശങ്കര്‍ സിംഗ്

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വിവര വിശകലന വിദഗ്ധനായിരുന്നു ശിവംശങ്കര്‍ സിംഗ്. ബിജെപിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഈ യുവാവ് അടുത്തിടെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ചര്‍ച്ചയാകുകയാണ്. താന്‍ ബിജെപി വിടുകയാണ് അതിനുള്ള കാരണങ്ങള്‍ ഇവയാണെന്നാണ് ഇദ്ദേഹം കുറിപ്പില്‍ പറയുന്നത്. ടിവി ചര്‍ച്ചകളിലും മറ്റും ബിജെപിയെ പ്രതിനിധികരിച്ച് ശിവം പങ്കെടുക്കാറുണ്ട്. ഇദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഇതാണ്.

ബിജെപിയില്‍ ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങള്‍ അവസാനിച്ചിരിക്കുന്നു. അസത്യങ്ങളെ സത്യമായി പ്രചരിപ്പിക്കുകയും എന്നാല്‍ ഇത് പിടിക്കപ്പെട്ടാലും അതില്‍ ഒരു കുറ്റബോധവും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നില്ലെന്ന് ശിവം പറയുന്നു. ഇതിന് ഉദാഹരണമായി പറയുന്നത് നോട്ട് നിരോധനമാണ്, നോട്ട്​ അസാധുവാക്കല്‍ വന്‍ പരാജയമായിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥിതിയെ തകര്‍ത്തുവെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടും പ്രധാനമന്ത്രി ഇത് സമ്മതിക്കാന്‍ തയ്യാറായിട്ടില്ല.

അന്വേഷണ ഏജന്‍സികളായ സി.ബി.​ഐയെയും എന്‍ഫോഴ്സ്മെന്‍റും​ രാഷ്​ട്രീയ താത്പര്യങ്ങള്‍ക്ക്​ വേണ്ടി ഉപയോഗിക്കുകയാണ്. മോദിക്കോ പാര്‍ട്ടി അധ്യക്ഷന്‍ അമിത്​ ഷാക്കോ എതിരെ എന്തെങ്കിലും പറഞ്ഞാല്‍ അന്വേഷണ ഏജന്‍സികളെ കൊണ്ട് അവരെ പീഡിപ്പിക്കുന്ന അവസ്ഥ വന്നിരിക്കുന്നു. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതെ​ നടപ്പാക്കിയ ചരക്ക് ​സേവന നികുതി(ജി.എസ്​.ടി) വ്യാപാരമേഖലക്ക്​ തിരിച്ചടിയായി. ചെറുകിട വ്യവസായങ്ങള്‍ പൂട്ടേണ്ട അവസ്ഥയിലായി. പാളിച്ചകള്‍ ജനങ്ങളോട്​ പറയാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ എടുത്തില്ലെന്ന് ശിവം കുറ്റപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പ്​ ബോണ്ടുകള്‍ എന്ന പേരില്‍ അഴിമതി നിയമപരമാക്കുന്നു. ഇതിലൂടെ കോര്‍പറേറ്റുകള്‍ക്കും വിദേശ ശക്തികള്‍ക്കും രാഷ്​ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കഴിയും. തിരഞ്ഞെടുപ്പ്​ ബോണ്ടിന്​ രഹസ്യസ്വഭാവമുണ്ട്​. 1000 കോടി നല്‍കുന്ന കമ്പനിക്ക് വേണ്ടി നിയമം തന്നെ പാസാക്കുന്നു. ഇക്കാര്യത്തില്‍ പിന്നീട്​ വിചാരണയോ നിയമനടപടികളോ ഉണ്ടാകില്ല.

സര്‍ക്കാറിനെതിരെ ശബ്​ദിച്ചാല്‍ നിങ്ങളെ ദേശവിരുദ്ധനാക്കുന്നു. ബി.ജെ.പി നേതാക്കളുടെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലുകള്‍ ദേശീയത-ദേശവിരുദ്ധത, ഹിന്ദു-മുസ്​ലിം, ഇന്ത്യ-പാകിസ്ഥാന്‍ സംവാദങ്ങള്‍ മാത്രംഫോക്കസ് ചെയ്യുന്നു.  യഥാര്‍ഥ പ്രശ്നങ്ങളെ തമസ്കരിക്കുന്നു.

മന്ത്രിതലത്തിലേക്ക്​ ആരുമറിയാതെ അഴിമതി ചുരുങ്ങും. ഉത്തരവുകളിലോ ഫയലുകളിലോ അഴിമതി കാണില്ല. അമേരിക്കയിലേതുപോലെ നയപരമായ തലത്തിലേക്ക്​ അത്​ മാറും. ആസൂത്രണ കമ്മീഷന്‍ ഇല്ലാതായതോടെ രാജ്യത്തെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭ്യമല്ലാതായി. ഗവണ്‍മെന്‍റ് എന്ത് കണക്ക് അവതരിപ്പിച്ചാലും അത് വിശ്വസിപ്പിക്കേണ്ട ഗതികേടിലാണ് രാജ്യത്തെ ജനങ്ങള്‍. നീതി ആയോഗിന്​ ആസൂത്രണ കമീഷ​​​ന്‍റെ കടമയല്ല ഉള്ളത്​. അവര്‍ ഒരു പബ്ലിക്​ റിലേഷന്‍സ്​ സ്​ഥാപനമായാണ്​ പ്രവര്‍ത്തിക്കുന്നത്​.

അരുണാചല്‍ പ്രദേശ്​ മുന്‍ മുഖ്യമന്ത്രി കാലി​ഖൊ പുലി​​ന്‍റെ  ആത്മഹത്യ കുറിപ്പ്​, ജഡ്​ജി ലോയയുടെ മരണം, സൊഹ്​റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല, ബിജെപി എം എല്‍ എ മാനഭംഗം ചെയ്ത പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണം എന്നിവയില്‍ കൃത്യമായ അന്വേഷണം നടന്നില്ല.

മേ​ക്​ ഇന്‍ ഇന്ത്യ, സന്‍സദ്​ ആദര്‍ശ്​ ഗ്രാമീണ്‍ യോജന, നൈപുണ്യശേഷി വികസനം തുടങ്ങി കൊട്ടിഘോഷിച്ച പദ്ധതികള്‍ എല്ലാം വന്‍ പരാജയം. എന്നിട്ടും അത്​ മറച്ചുവെച്ച് ഭരണ നേട്ടമായി പ്രചരിപ്പിക്കുന്നു. യു.പി.എ കാലത്ത്​ ഇന്ധനവില വര്‍ധനക്കെതിരെ ​ശബ്ദമുയര്‍ത്തിയവര്‍ ക്രൂഡ്​ ഓയില്‍ വില അന്നത്തേതിനേക്കാള്‍ കുറഞ്ഞ സാഹചര്യത്തിലും ​കുതിച്ചുയര്‍ന്ന എണ്ണവിലയെ ന്യായീകരിക്കുന്നു. ഇന്ത്യയുടെ പ്രതീക്ഷ നരേന്ദ്ര മോദിയില്‍ കണ്ടാണ് ​2013 മുതല്‍ ബി.ജെ.പി അനുയായി ആയതെന്നും ഇപ്പോള്‍ അതെല്ലാം പൂര്‍ണമായി അസ്​തമിച്ചുവെന്നും ശിവം ശങ്കര്‍ സിങ്​​ വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

500 യാത്രക്കാരുമായി ദുബൈയിലേക്ക് പോയ വിമാനം, ഒരു മണിക്കൂറോളം വട്ടമിട്ട് പറന്ന ശേഷം ലാൻഡിങ്, കാരണം സാങ്കേതിക തകരാ‍ർ
ആദ്യം കാസർകോടേയ്ക്കും പിന്നീട് മൈസൂരിലേക്കും പോയി, തിരിച്ചുവരുന്ന വഴി പിടിവീണു; മട്ടന്നൂരിൽ 10 പവനും പണവും മോഷ്ടിച്ചയാൾ പിടിയിൽ