ശശിയ്ക്കെതിരെ നടപടി വൈകിയതെങ്ങനെ? പാർട്ടിയിലെ ആഭ്യന്തരസമവാക്യങ്ങൾ ശശിയെ തുണച്ച വിധം

By Shajahan KaliyathFirst Published Nov 26, 2018, 2:59 PM IST
Highlights

തെറ്റ് ചെയ്ത പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ പരാതി കിട്ടി 3 മാസത്തിനകം നടപടി വേണമെന്നാണ് പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്നത്. മടിച്ച് മടിച്ച് ശശിക്കെതിരെ നടപടി എടുക്കാന്‍ സിപിഎമ്മിന് വേണ്ടി വന്നത് മൂന്ന് മാസവും 12 ദിവസവും. നേരത്തെ പി.ശശി അടക്കമുള്ള നേതാക്കളേക്കാളും സാവകാശം പി.കെ ശശിക്ക് കിട്ടിയത് പാര്‍ട്ടിയിലെ ആഭ്യന്തര സമവാക്യങ്ങള്‍ കാരണമാണ്. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ‍ർഡിനേറ്റിംഗ് എഡിറ്റർ ഷാജഹാൻ എഴുതിയ വിശകലനം.

2017 ഡിസംബറില്‍ സിപിഎം ജില്ലാ സമ്മേളനത്തോടനബന്ധിച്ചും തുടര്‍ന്നുള്ള കാലയളവിലുമാണ് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെയുള്ള പരാതിക്കാസ്പദമായ സംഭവങ്ങള്‍ നടന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗമായ യുവതി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത് 2018 ആഗസ്റ്റ്‌ പതിനാലിന്. തുടര്‍നടപടികള്‍ ഇല്ലെന്ന് കണ്ട് ഒടുവിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് തന്നെ നേരിട്ട് പരാതി അയച്ചു.

സെപ്തംബര്‍ മൂന്നിന് വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായെങ്കിലും നാലാം തിയതി നടന്ന പാലക്കാട് ജില്ല കമ്മിറ്റി യോഗത്തിനെത്തിയ പി.കെ.ശശിയും ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനും അങ്ങനെയൊരു പരാതിയേ ഇല്ലെന്നായിരുന്നു പ്രതികരിച്ചത്. എന്നാല്‍ ഉച്ചയോടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വൈകീട്ടോടെ സംസ്ഥാന സെക്രട്ടേറിയറ്റും പരാതിയുണ്ടെന്നു സ്ഥിരീകരിച്ചു. സെപ്തംബര്‍ 4-ന് മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എംപിയും അംഗങ്ങളായ രണ്ടംഗകമ്മീഷനെ ക്കൊണ്ട് പരാതിയെക്കുറിച്ച് അന്വേഷിക്കാനും പാര്‍ട്ടി തീരുമാനിച്ചു. തുടക്കം മുതല്‍ പരാതിയെയും പാര്‍ട്ടി നിലപാടിനെയും വെല്ലുവിളിച്ചു ശശി. കമ്യൂണിസ്റ്റ് ആരോഗ്യത്തോടെ മുന്നോട്ട് നീങ്ങുമെന്ന് പ്രഖ്യാപിച്ചു.

പൊതുപരിപാടികളില്‍ പങ്കെടുത്ത് വെല്ലുവിളികള്‍ നടത്തിയ പി കെ ശശിയോട് പാര്‍ട്ടി പരിപാടികളിലോ പൊതു പരിപാടികളിലോ പങ്കെടുക്കരുതെന്ന് പാലക്കാട് ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കി.

അന്വേഷണ കമ്മീഷന്‍ പെണ്‍കുട്ടിയില്‍ നിന്നും പി കെ ശശിയില്‍ നിന്നും എടുത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ പ്രമുഖ നേതാക്കളില്‍ നിന്നും തെളിവെടുപ്പ് നടത്തി. യുവതിയുടെ പരാതിക്കൊപ്പം തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്ന പി കെ ശശിയുടെ പരാതിയിലും കമ്മീഷന്‍ അന്വേഷണം നടത്തി. സാക്ഷിമൊഴികളേറെയും ശശിക്കനുകൂലമായി രേഖപ്പെടുത്തി.

ഇതിനിടെ ഒക്ടോബർ 25-ന് മണ്ണാർക്കാട് തച്ചമ്പാറയി ൽ നടന്ന പരിപാടിയിൽ ശശി, അന്വേഷണക്കമ്മീഷനംഗം എ.കെ.ബാലനുമായി വേദി പങ്കിട്ടു. 28-ന് പട്ടികജാതി ക്ഷേമസമിതിയുടെ പൊതുസമ്മേളന വേദിയിലും മുഖ്യമന്ത്രിയോടൊപ്പം പി.കെ.ശശി വേദി പങ്കിട്ടു. ഇതിന് ശേഷം പെൺകുട്ടി വീണ്ടും കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി.

വര്‍ഗ്ഗീയതക്കെതിരെ സംസ്ഥാനവ്യാപകമായി മണ്ഡലാടിസ്ഥാനത്തിൽ സിപിഎം ജാഥ പ്രഖ്യാപിച്ചപ്പോള്‍ ഷൊര്‍ണ്ണൂരില്‍ ശശി തന്നെ ജാഥ നയിച്ചു. അതില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു ശശിയോടുള്ള മനോഭാവവും കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സൂചനകളും.

ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടി നിരത്തി ഔദ്യോഗികപക്ഷത്തിന്റെ കണ്ണിലുണ്ണിയായ ശശിക്ക് കിട്ടിയത് പാര്‍ട്ടിയിലെ ചേരി തിരിവിന്‍റെ ആനുകൂല്യം തന്നെയാണ്. ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളുടെ നേത‍ൃത്വത്തെ കൂടെ നിര്‍ത്തി ശശി നടത്തിയ നീക്കങ്ങളാണ് വലിയ പരിക്കില്ലാതെ കടന്നുകൂടാന്‍ സഹായകരമായത്. സ്വന്തം സംഘടനയിലെ ഒരു വനിതാനേതാവ് തന്നെ ലൈംഗികപീഡനപരാതി നൽകിയിട്ടും പി.കെ.ശശിയ്ക്കെതിരെ ഒരു വാക്ക് ഉരിയാടാൻ ഡിവൈഎഫ്ഐ തയ്യാറായിരുന്നില്ലല്ലോ. പൊലീസ് കേസായാൽ അത് കൂടുതൽ ക്ഷീണം ചെയ്യുമെന്നും, നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷം ആക്രമണം അഴിച്ചുവിടുമെന്നും പാർട്ടി മുൻകൂട്ടി കണ്ടതിനാൽത്തന്നെയാണ് സസ്പെൻഷൻ പോലൊരു നടപടി വന്നതും.

click me!