കൃഷിയിടത്തിലിറങ്ങിയ കാട്ടാനകളെ നാട്ടുകാർ സംഘടിച്ചു തുരത്തി

By Web TeamFirst Published Oct 12, 2018, 9:11 AM IST
Highlights

കാട്ടാനകളുടെ സാന്നിധ്യം മൂലം കുട്ടികളെ സ്‌കൂളില്‍ വിടാനും കർഷകർക്ക് പാടങ്ങളില്‍ ഇറങ്ങാനും പറ്റാത്തതായിരുന്നു അവസ്ഥയും വന്നു

ഇടുക്കി: മറയൂർ കാന്തല്ലൂരിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകളെ നാട്ടുകാർ സംഘടിച്ചു തുരത്തി. അറുനൂറോളം വരുന്ന നാട്ടുകാരാണ് മൂന്ന് ആനകള്‍ അടങ്ങിയ കൂട്ടത്തെ ഓടിച്ചു കാടുകയറ്റിയത്. അഞ്ചുനാട് മേഖലയില്‍ മാസങ്ങളായി കാട്ടാനകൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു.

കാട്ടാനകളുടെ സാന്നിധ്യം മൂലം കുട്ടികളെ സ്‌കൂളില്‍ വിടാനും കർഷകർക്ക് പാടങ്ങളില്‍ ഇറങ്ങാനും പറ്റാത്തതായിരുന്നു അവസ്ഥയും വന്നു. പൊറുതി മുട്ടിയതോടെയാണ്  ഗ്രാമത്തില്‍ കയറിയ കാട്ടാനകളെ  തുരത്താന്‍ കാന്തല്ലൂർ നിവാസികൾ ഒത്തുകൂടിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ രാവിലെ ആറ് മണിക്കു തുടങ്ങിയ ശ്രമം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിജയത്തിലെത്തിക്കാൻ നാട്ടുകാർക്കായത്. പുത്തൂര്‍, ഗുഹനാഥപുരം, തുടങ്ങി ഗ്രാമങ്ങളെ ചുറ്റിയുളള ഗ്രാന്റീസ് തോട്ടമാണ് കാട്ടാനകളുടെ  താവളം.

കുളത്താമല വന മേഖലയിലേക്ക് തുരത്തിയ കാട്ടാനകൾ തിരിച്ചെത്തുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. ഭീതിയകറ്റാൻ വനാതിർത്തിയിൽ ട്രഞ്ച് എടുക്കുകയോ, സൗരോര്‍ജ വേലി സ്ഥാപിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

click me!