ഒടുവിൽ കണ്ണു തുറന്ന് ഭരണകൂടം: പ്രളയത്തിൽ വീട് തകർന്നവർക്ക് പത്ത് ദിവസത്തിനകം സഹായമെത്തും

By Web TeamFirst Published Feb 18, 2019, 6:17 PM IST
Highlights

പ്രളയത്തിൽ വീട് പൂർണമായും തകർന്നിട്ടും പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പത്ത് ദിവസത്തിനകം സഹായമെത്തിക്കാൻ തീരുമാനമായി. ഏഷ്യാനെറ്റ് ന്യൂസ് ബിഗ് ഇംപാക്ട്.

ആലപ്പുഴ: ആലപ്പുഴയിലെ പ്രളയ ദുരിത ബാധിതരുടെ ദുരിതത്തില്‍ ഇടപെട്ട് ജില്ലാ ഭരണകൂടം. വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടും പട്ടികയില്‍ ഇടം നേടാത്തവര്‍ക്ക് ഈ മാസം 28 ന് മുമ്പ് ആദ്യ ഗഡു വിതരണം ചെയ്യും. വീടിന് നാശനഷ്ടം പറ്റി പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഈ മാസം 28-ന് മുമ്പ് പണം നല്‍കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാർക്ക് ജില്ലാ കളക്ടർ നേരിട്ട് നിർദേശം നൽകിയിട്ടുണ്ട്.

പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ വിവരം ബുധനാഴ്ച മൂന്നുമണിക്ക് മുമ്പ് താലൂക്ക് താലൂക്കില്‍ എത്തിക്കണമെന്നാണ് കളക്ടർ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നാശനഷ്ടമുണ്ടായ മതിയായ രേഖയില്ലാത്തവര്‍ക്കും സഹായം ഉറപ്പാക്കുമെന്ന് ജില്ലാ ഭരണം കൂടം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

അർഹതയുണ്ടായിട്ടും ഇതുവരെ സഹായം കിട്ടാത്തവരും പട്ടികയിൽ നിന്ന് പുറത്തായവരും ഉടനടി ബന്ധപ്പെട്ട ഓഫീസുകളെ സമീപിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ ഇല്ലാത്തവര്‍ പരാതി നല്‍‍കണം. ഇത് പരിശോധിച്ച് ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് റിപ്പോർട്ട് നൽകണം. ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കാനും ജില്ലാ കലക്ടർ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

പ്രളയത്തിൽ വീട് പൂർണമായും തകർന്നിട്ടും ദുരിതാശ്വാസപ്പട്ടികയിൽ ഉൾപ്പെടാത്ത ദുരിതബാധിതർ സമരത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് കളക്ടർ പ്രത്യേക ഉത്തരവ് പുറത്തിറക്കുന്നത്. 

ആലപ്പുഴയിലെ പ്രളയബാധിതരുടെ ദുരിതം വാര്‍ത്താപരമ്പരയിലൂടെയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്. 

Also Read: പ്രളയത്തിൽ വീട് തകർന്നവർ ഇപ്പോഴും പെരുവഴിയിൽ; ദുരിതബാധിതർ ഇപ്പോഴും കഴിയുന്നത് ഷെഡ്ഡിൽ

വീടുകൾ പൂർണമായും തകർന്ന് താമസയോഗ്യമല്ലാതായതിനാൽ കുട്ടനാട്ടിലെ പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളില്‍ മാത്രം ഇപ്പോഴും ഷെഡ്ഡുകളിലും ബന്ധുവീടുകളിലും കഴിയുന്നത് നൂറിലേറെ കുടുംബങ്ങളാണ്. അടിയന്തര പ്രാധാന്യത്തോടെ ധനസഹായം നല്‍കാന്‍ പ്രളയം കഴിഞ്ഞ് ആറുമാസമായിട്ടും ജില്ലാ ഭരണകൂടത്തിനും പ‍ഞ്ചായത്തുകള്‍ക്കും കഴിഞ്ഞിട്ടില്ല.

Also Read: പ്രളയബാധിതർ ഇനി എങ്ങോട്ടു പോകും? റീബിൽഡ് കേരള ആപ്പ് പൂട്ടി, പട്ടികയിൽ പെടാത്തവർ പുറത്ത്

 

 

click me!