ഒന്നര മാസം ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ് ഇറങ്ങിയവരുടെ ജീവിതം. സ്വന്തമായി വീടുണ്ടായിട്ടല്ല. ഇറങ്ങേണ്ടി വന്നു. താല്‍ക്കാലികമായി ഷീറ്റ് വലിച്ചുകെട്ടി താമസിക്കുന്ന നൂറിലേറെ കുടുംബങ്ങൾ. 

കുട്ടനാട്: പ്രളയത്തില്‍ പൂര്‍ണ്ണമായും വീടുകള്‍ തകര്‍ന്നിട്ടും ദുരിതാശ്വാസബാധിതരുടെ പട്ടികയിൽ ഉൾപ്പെടാത്ത നിരവധി കുടുംബങ്ങളുണ്ട് ഇപ്പോഴും ആലപ്പുഴയിൽ. ഇവരെ ദുരിതാശ്വാസത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ആലപ്പുഴ ജില്ലാ ഭരണ കൂടത്തിന് ഗുരുതര വീഴ്ച തുടരുന്നു.

കുട്ടനാട്ടിലെ പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളില്‍ മാത്രം ഇപ്പോഴും ഷെഡ്ഡുകളിലും ബന്ധുവീടുകളിലും കഴിയുന്നത് നൂറിലേറെ കുടുംബങ്ങളാണ്. അടിയന്തര പ്രാധാന്യത്തോടെ ധനസഹായം നല്‍കാന്‍ പ്രളയം കഴിഞ്ഞ് ആറുമാസമായിട്ടും ജില്ലാ ഭരണകൂടത്തിനും പ‍ഞ്ചായത്തുകള്‍ക്കും കഴിഞ്ഞിട്ടില്ല. ആലപ്പുഴയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണപരമ്പര തുടരുന്നു.

ഇപ്പോഴും ഷെഡ്ഡുകളിൽ കഴിയുന്നവർ

''ദുരിതാശ്വാസക്യാമ്പിൽ നിന്ന് തിരിച്ചുപോകുമ്പോൾ ദുരിതബാധിതർക്ക് വീടുകളിൽ താമസിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.'' - പ്രളയം തുടങ്ങി അഞ്ചാംനാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണിത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകള്‍.

എന്നാൽ സംഭവിച്ചത് ഇതൊന്നുമല്ല. ''വീടൊക്കെ പോയി, ഒന്നും ബാക്കിയില്ല. ഇപ്പോ പട്ടികയിലുമില്ലെന്നാ പറയുന്നത്.'' വിതുമ്പലോടെ കുട്ടനാട് പുളിങ്കുന്ന് സ്വദേശി സുധർമ്മ പറയുന്നു.

''ഒരു വീട് പോലുമില്ല, സർക്കാർ എങ്ങനെയെങ്കിലും സഹായിക്കണം.'' സമാനമായ പരാതികളുമായി ഷൈലമ്മ രഘുവും, ദാസും. ഇവരുടെയെല്ലാം വീടുകൾ നഷ്ടപ്പെട്ടു. ഇപ്പോഴും കഴിയുന്നത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരകളിലാണ്. 

ഒന്നല്ല. തൊട്ടടുത്ത് മൂന്ന് വീടുകള്‍. റീബില്‍ഡ് കേരളാ ആപ്പ് പൂട്ടുന്നതിന് മുമ്പ് ആരും ഇവിടെ കണക്കെടുക്കാന്‍ എത്തിയില്ല. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം കിട്ടേണ്ട പട്ടികയിലും ഇവരില്ല.

പിന്നാലെ പരാതി നല്‍കി പഞ്ചായത്തില്‍ നിന്ന് എഞ്ചിനീയര്‍മാരെത്തി വീട് പൂര്‍ണ്ണമായി തകര്‍ന്നതാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ട് മാസം മൂന്ന് കഴിഞ്ഞു. ആ റിപ്പോര്‍ട്ട് അടിയന്തരമായി പരിഗണിച്ച് ഇവര്‍ക്ക് നാല് ലക്ഷം രൂപ അടിയന്തരമായി അനുവദിക്കാനുള്ള മാനുഷിക പരിഗണന പഞ്ചായത്ത് സെക്രട്ടറി മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ള ആര്‍ക്കും തോന്നിയില്ല.

കൈനകരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ മാത്രം ഇതുപോലെ വീട് പൂര്‍ണ്ണായും തകര്‍ന്നിട്ടും പട്ടികയില്ലാത്ത പത്തുപേരുണ്ട്. കൈനകരി പഞ്ചായത്തിൽ ഇത് മുപ്പതിലേറെയാണ്. അടുത്ത പഞ്ചായത്തായ പുളിങ്കുന്നില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്ന് പട്ടികയിലില്ലാതെ കിട്ടിയ സ്ഥലത്ത് കയറിക്കിടക്കുന്ന കുടുംബങ്ങള്‍ 62 ആണ്. ഇങ്ങനെയുള്ള കുടുംബങ്ങളുടെ പട്ടിക പഞ്ചായത്തുകള്‍ തയ്യാറാക്കി വരുന്നതേയുള്ളൂ.

ഇവര്‍ക്ക് അര്‍‍ഹമായ പണം എന്ന് കിട്ടുമെന്ന് ഒരു പിടിയുമില്ല. ദുരിതാശ്വാസബാധിതർക്ക് കൊടുക്കാനുളള പണം ഇല്ലാ‍ഞ്ഞിട്ടല്ല. മുന്‍കൈ എടുത്ത് ചെയ്യേണ്ട ഉദ്യോഗസ്ഥ സംവിധാനം അമ്പേ പരാജയപ്പെട്ടതിന്‍റെ നേർസാക്ഷ്യമാണിത്. വീട് നഷ്ടപ്പെട്ട് ജീവിതം തന്നെ ദുരിതത്തിലായ ഇവരെ എത്രയും വേഗം പട്ടികയില്‍ ഉൾപ്പെടുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.