ആലപ്പുഴ: സംസ്ഥാനത്തെ പ്രളയബാധിതരെ മറന്ന് സംസ്ഥാന സര്‍ക്കാര്‍. വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ട പരിഹാരത്തിനായി തയ്യാറാക്കിയ റീബില്‍ഡ് കേരളാ ആപ്പ് പൂട്ടി മൂന്നര മാസത്തിനിപ്പുറം ആലപ്പുഴയില്‍ മാത്രം പട്ടികയ്ക്ക് പുറത്ത് കാല്‍ ലക്ഷത്തിലേറെ കുടുംബങ്ങള്‍. മുന്നറിയിപ്പില്ലാതെ പൂട്ടിയ റീബില്‍ഡ് കേരളാ ആപ്പ് തുറക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ പട്ടികയ്ക്ക് പുറത്തുള്ളവര്‍ എന്ത് ചെയ്യണമെന്നും പറയുന്നില്ല. ആലപ്പുഴയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണം.

കുട്ടനാട് കൈനകരി ഒമ്പതാം വാര്‍ഡിലെ താമസക്കാരിയായ ദേവയാനിയുടെ കഥ കേൾക്കാം. ദേവയാനിയുടേതടക്കം ഈ പ്രദേശത്തെ പതിനൊന്ന് വീടുകളിലേക്ക് സര്‍ക്കാര്‍ നിയോഗിച്ച വളണ്ടിയര്‍മാര്‍ കണക്കെടുക്കാന്‍ എത്തിയില്ല. വീടുകള്‍ താമസയോഗ്യമല്ലാത്ത ഇവര്‍ പട്ടികയ്ക്ക് പുറത്താണിപ്പോഴും.

ഈ പ്രദേശത്തെ തന്നെ സ്വാധീനമുള്ളവരും രാഷ്ട്രീയ പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ളവരും എല്ലാം പട്ടികയില്‍ കയറിക്കൂടി. ഇവര്‍ മന്ത്രിക്കും കലക്ടര്‍ക്കും പ‍ഞ്ചായത്തിലും മാറി മാറി പരാതി നല്‍കി. പ്രളയം കഴിഞ്ഞ് മാസം ആറുകഴിഞ്ഞിട്ടും ഈ പാവങ്ങള്‍ ഇപ്പോഴും എന്തു ചെയ്യണമെന്നറിയാത്ത ദുരിതത്തിലാണ്.

രണ്ട് തവണയായി ഒന്നരമാസത്തിലേറെക്കാലം വെള്ളത്തില്‍ക്കിടന്ന കുട്ടനാട്ടെ കൈനകരി പഞ്ചായത്തില്‍ മാത്രം ഇതുപോലെ ആയിരത്തഞ്ഞൂറ് പാവങ്ങളാണ് പട്ടികയുടെ പുറത്തുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് റീബില്‍ഡ് ആപ്പ് ഒരു മുന്നറിയിപ്പുമില്ലാതെ, ഒരു കത്തുപോലും അയക്കാതെ പെട്ടെന്ന് പൂട്ടിയത്.

പരിശീലനം നേടിയ വളണ്ടിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് ഫോട്ടോയും വിവരവും റിബില്‍ഡ് കേരളാ ആപ്പില്‍ അപ് ലോഡ് ചെയ്യുന്നതോടെയാണ് നഷ്ടപരിഹാരം കിട്ടേണ്ടവര്‍ പട്ടികയില്‍ ഇടം നേടുന്നത്. ആപ്പ് പെട്ടെന്ന് പൂട്ടിയതോടെ പ്രളയബാധിതര്‍ എന്ത് ചെയ്യണമെന്നറിയാതെ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.

ആപ്പ് വീണ്ടും പ്രവര്‍ത്തന സജ്ജമാക്കി പ്രളയബാധിതരെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നില്ല. ഇവരുടെ പരാതി എങ്ങനെ പരിഹരിക്കണമെന്ന നിര്‍ദ്ദേശം പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്നുമില്ല. ചുരുക്കത്തില്‍ സ്വാധീനമില്ലാത്ത പാവങ്ങള്‍ നഷ്ടപരിഹാരത്തുക എങ്ങനെ കിട്ടുമെന്നറിയാതെ ആശങ്കയിലാണ്.