Latest Videos

'ശബരിമല സ്ത്രീപ്രവേശനവിധി ഇപ്പോൾ പരിഗണിക്കാനാകില്ല': നിലപാടിലുറച്ച് ചീഫ് ജസ്റ്റിസ്

By Web TeamFirst Published Nov 19, 2018, 12:18 PM IST
Highlights

സ്ത്രീപ്രവേശനവിധി ഉടൻ സ്റ്റേ ചെയ്യാനാകില്ലെന്ന നിലപാടിലുറച്ച് വീണ്ടും സുപ്രീംകോടതി. മണ്ഡലകാലം തുടങ്ങിയതിനാൽ വിധിയിൽ ഉടൻ തീരുമാനം വേണമെന്ന ആവശ്യം നിരസിച്ചു. 

ദില്ലി: ശബരിമല സ്ത്രീപ്രവേശനവിധി ഭരണഘടനാ ബഞ്ചിന് മാത്രമേ സ്റ്റേ ചെയ്യാനാകൂ എന്ന് വീണ്ടും വ്യക്തമാക്കി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ഭരണഘടനാ ബഞ്ചിന് മാത്രമേ ഈ വിധിയിൽ എന്തു മാറ്റവും വരുത്താനാകൂ. ജനുവരി 22 - ന് മുമ്പ് ശബരിമല കേസുകൾ പരിഗണിക്കാനാകില്ലെന്ന് വീണ്ടും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

മണ്ഡലകാലത്തിനായി ശബരിമല നട തുറന്നതിനാൽ അടിയന്തരമായി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി കേൾക്കാൻ തയ്യാറായില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുൾപ്പടെ അയ്യപ്പസേവാസംഘത്തിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ അടിയന്തരമായി ഈ ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഉറച്ച നിലപാടെടുക്കുകയായിരുന്നു. 

അതേസമയം, ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കുന്നതിൽ സാവകാശം തേടിയുള്ള ഹർജി ദേവസ്വംബോർഡിന് ഇന്ന് സമർപ്പിക്കാനാകുമോ എന്ന് വ്യക്തതയില്ല. ദേവസ്വംബോർഡിന് വേണ്ടി ദില്ലിയിൽ ഹർജി ഫയൽ ചെയ്യുന്ന അഭിഭാഷകന് ഇതുവരെ രേഖകൾ കിട്ടിയിട്ടില്ല. ബോർഡ് ആസ്ഥാനത്ത് നിന്ന് രേഖകൾ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഹ‍ർജി ഇന്ന് ഫയൽ ചെയ്യണമെങ്കിൽ നാല് മണിയ്ക്കുള്ളിൽ രേഖകൾ എത്തിക്കണം.

രേഖകൾ കിട്ടിയില്ലെങ്കിൽ ഇന്ന് ഹർജി നൽകാനാകില്ല. രേഖാമൂലം ദേവസ്വംബോ‍ർഡ് ആസ്ഥാനത്തു നിന്ന് ഒപ്പിട്ട വക്കാലത്ത് നൽകിയാലേ അഭിഭാഷകന് ഹർജി തയ്യാറാക്കി സുപ്രീംകോടതിയിൽ സമർപ്പിക്കാനാകൂ. 

അങ്ങനെ ഹർജി നൽകിയാലും ചീഫ് ജസ്റ്റിസിന്‍റെ നിലപാടനുസരിച്ച് ഹർജി വേഗത്തിൽ പരിഗണിക്കാനുള്ള സാധ്യത തീരെക്കുറവാണ്. ജനുവരി 22 - ന് തന്നെ എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിക്കാനാകും ചീഫ് ജസ്റ്റിസ് തീരുമാനിക്കാൻ സാധ്യത.

സാവകാശം തേടിയുള്ള ഹർജി നൽകാമെന്ന കാര്യത്തിൽ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് നേരത്തേ ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കിയിരുന്നു. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് മാത്രമാണ് ബോർഡ് ആവശ്യപ്പെടുക. 

click me!