നോട്ട് നിരോധനം: മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

By Web TeamFirst Published Aug 29, 2018, 8:17 PM IST
Highlights

റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ അവകാശവാദങ്ങളും നുണ ആണെന്ന് വ്യക്തമായതായിയെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധനം പ്രഖ്യാപിച്ച് സാധാരണ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രധാനമന്ത്രി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദിപ് സുര്ജെവാല ആവശ്യപ്പെട്ടു. 

ദില്ലി: റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ അവകാശവാദങ്ങളും നുണ ആണെന്ന് വ്യക്തമായതായിയെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധനം പ്രഖ്യാപിച്ച് സാധാരണ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രധാനമന്ത്രി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദിപ് സുര്ജെവാല ആവശ്യപ്പെട്ടു. കള്ളപ്പണം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്‍റെ വാദങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് തെളിഞ്ഞതായി സിപിഐയും പ്രതികരിച്ചു.

500 ന്‍റെയും 1000 ത്തിന്‍റെയും അസാധുവാക്കിയ നോട്ടുകളില്‍  99.30  ശതമാനം നോട്ടുകളും തിരിച്ച് ബാങ്കുകളില്‍ എത്തിയതായിയാന്നാണ് റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട്. 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.  ഇതോടെ നോട്ട് ആസാധുവാക്കലിലൂടെ കള്ളപ്പണം ഇല്ലാതാക്കാനായെന്ന കേന്ദ്ര സര്‍ക്കാരിന്‍രെ വാദമാണ് പൊളിഞ്ഞത്.

2016 നവംബര്‍ 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കുമ്പോള്‍ വിനിമയ രംഗത്തുണ്ടായിരുന്നത് 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു. കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് ഈ നീക്കമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം.  അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ കള്ളപ്പണക്കാര്‍ തയ്യാറാകില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. അതായത് 99.30 ശതമാനം നോട്ടുകളും തിരിച്ചെത്തിയിരിക്കുന്നു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട 2017 -18 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

click me!