
ദില്ലി: ഇന്ത്യയുടെ മുൻ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് മികവ് തെളിയിക്കാൻ സ്ത്രീ സംവരണം വേണ്ടിവന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർട്ടിയിലെ പുരുഷ നേതാക്കളേക്കാൽ മികച്ച ഭരണം കാഴ്ച വച്ച ഭരണാധികാരി ആയിരുന്നു ഇന്ദിരയെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. നാഗ്പൂരിൽ വനിതാ സ്വയം സഹായ സംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
''വനിതാ സംവരണത്തിന് എതിരല്ല. എന്നാൽ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തെക്കുറിച്ച് എതിരഭിപ്രായമാണുള്ളത്.'' നിതിൻ ഗഡ്കരി പറയുന്നു. മറ്റ് നേതാക്കളേക്കാൾ മികവ് തെളിയിക്കാൻ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞത് സംവരണം ഉണ്ടായിരുന്നത് കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
സ്ത്രീ സംവരണത്തിന്റെ പിൻബലമില്ലാതെ രാഷ്ട്രീയത്തിൽ തിളങ്ങിയ വനിതകളാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജും ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനുമെന്ന് നിതിൻ ഗഡ്കരി പ്രസംഗമധ്യേ ചൂണ്ടിക്കാണിച്ചു. സ്ത്രീസംവരണം അത്യാവശ്യമാണെന്നും എന്നാൽ ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പിന്തുണയോടെയല്ല, അറിവിന്റെ അടിസ്ഥാനത്തിലാകണം മികച്ച പ്രകടനം കാഴ്ച വയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam