
കോട്ടയം: ട്രംപ് പണിയാന്‍ ആഗ്രഹിക്കുന്ന മതിലിനെക്കാളും വളരെ മികച്ചതാണ് കേരളത്തില്‍ നടന്ന വനിതാ മതിലെന്ന് ആംഗ്ലിക്കന്‍ സഭയുടെ കാനഡയിലെ ടൊറന്‍റോ ഡയോസിസിന്‍റെ ബിഷപ്പ് ജെന്നി ആന്‍റിസണ്‍. കോട്ടയത്ത് നടന്ന സിഎസ്ഐ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായ വിധിയെക്കുറിച്ചും വനിതാ മതിലിനെക്കുറിച്ചും കേട്ടിരുന്നു. എന്നാല്‍ ഹിന്ദു സമുദായത്തെക്കുറിച്ച് തനിക്ക് സംസാരിക്കാന്‍ ആവില്ലെന്നും ബിഷപ്പ് പറഞ്ഞു. നേതൃത്വം നല്‍കുന്നതിനുള്ള കഴിവ് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുണ്ട്.സ്ത്രീകള്‍ നേതൃനിരയിലേക്ക് വരേണ്ട സമയമായെന്നും ജെന്നി ആന്‍റിസണ്‍ ഓര്‍മ്മിപ്പിച്ചു.
ഇന്ത്യന്‍ പള്ളികള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടക്കണം. സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ 50 ശതമാനത്തോളം ജനങ്ങളെയാണ് നിങ്ങള്‍ക്ക് നഷ്ടമാകുന്നത്. താന്‍ ഉള്‍പ്പെടുന്ന സഭയില്‍ ഇനിയൊരു സ്ത്രീയെ ബിഷപ്പ് സ്ഥാനത്തേക്ക് കൊണ്ടുവരാമെന്ന് ആരും പറയില്ല. ഒരു പള്ളിയെ മുന്നോട്ട് നയിക്കാനുള്ള കഴിവുണ്ട് തനിക്കെന്ന ജനങ്ങളുടെ വിശ്വാസമാണ് തന്നെ ബിഷപ്പ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന് പിന്നില്‍.
ദൈവം സ്ത്രീകള്‍ക്കും നേതൃത്വം നല്‍കുന്നതിനുള്ള കഴിവ് നല്‍കി. എന്നാല്‍ സമൂഹവും സംസ്കാരവുമാണ് ദൈവത്തിന്‍റെ പദ്ധതിക്കെതിരെയുള്ളത്. പ്രസംഗത്തിനിടെ ഇന്ദിരാ ഗാന്ധിയെക്കുറിച്ചും ജെന്നി ആന്‍റിസണ്‍ പരാമര്‍ശം നടത്തി. ഇന്ദിരക്ക് ഒരു രാജ്യത്തെ ഭരിക്കാനുള്ള കഴിവുണ്ടെന്ന് ജനങ്ങള്‍ക്ക് മനസിലായതിനാലാണ് അവര്‍ പ്രധാനമന്ത്രിയായതെന്നും അല്ലാതെ അവര്‍ സ്ത്രീയായതിനാലല്ലെന്നും ബിഷപ്പ് പറഞ്ഞു.
വൈദികരോട് സ്വകാര്യമായി കുമ്പസരിക്കുന്ന പതിവ് ആംഗ്ലിക്കന്‍ പള്ളികളിലില്ലെന്നും ദൈവത്തോട് നേരിട്ടുള്ള സംഭാഷണങ്ങളാണുള്ളതെന്നും ബിഷപ്പ് പറഞ്ഞു. ആംഗ്ലിക്കന്‍ സഭയില്‍ വൈദികര്‍ക്ക് വിവാഹിതരകാന്‍ കഴിയും. വൈദികനാകുന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണെന്നും അതിനാല്‍ ഭാര്യയുടെയും ഭര്‍ത്താവിന്‍റയും പിന്തുണ വലിയ കാര്യമാണെന്നും ജെന്നി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam