പശ്ചിമബംഗാളിലും അസമിലും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലും അസമിലും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ ജംഗിൾരാജ് ജനങ്ങൾ പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു. കോൺഗ്രസിന്‍റെ കാലത്തെ തെറ്റുകൾ തിരുത്തുന്നതാണ് തന്‍റെ സർക്കാരിന്‍റെ വികസന നയമെന്ന് മോദി ആസമിൽ അവകാശപ്പെട്ടു. അസമിനും രാജ്യത്തിനും എതിരായാണ് കോൺഗ്രസ് പ്രവർത്തിച്ചത്. വോട്ട് ബാങ്കിനായി അനധികൃത കുടിയേറ്റത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലും അസമിലുമായി വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തിയത്. കനത്ത മൂടൽ മഞ്ഞുകാരണം പശ്ചിമബംഗാളിലെ റാണഘട്ടിൽ നേരിട്ട് റാലികളിൽ പങ്കെടുക്കാൻ മോദിക്കായില്ല . മൂടൽ മഞ്ഞുകാരണം ഹെലികോപ്റ്ററിന് താഹെർപൂരിൽ ഇറങ്ങാനായില്ല, തുടർന്ന് കൊൽക്കത്തയിലേക്ക് മടങ്ങിയ മോദി വിമാനത്താവളത്തിൽ നിന്ന് ഫോണിലൂടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്.
പശ്ചിമ ബംഗാളിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ ആവശ്യമാണെന്ന് മോദി പറഞ്ഞു. ബീഹാിൽ എൻഡിഎയ്ക്ക് വോട്ട് നൽകി ജംഗിൾ രാജിനെ അവിടുത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു. ബംഗാളിൽ തുടരുന്ന മഹാജംഗിൾ രാജിനെയും ജനങ്ങൾ തുടച്ചുനീക്കണമെന്നും മോദി പറഞ്ഞു. റാണഘട്ടിൽ 3,200 കോടി രൂപയുടെ ദേശീയപാതയടക്കം വികസനപ്രവർത്തനങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തുടർന്ന് അസമിലെ ഗുവാഹത്തിയിൽ എത്തി മോദി ലോക്പ്രിയ ഗോപിനാഥ് ബോർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്യാധുനിക ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസംഗത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച മോദി കുടിയേറ്റം പ്രോത്സാഹിപ്പിച്ച കോൺഗ്രസ് അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയെ വെല്ലുവിളിച്ചെന്ന് ആരോപിച്ചു.
നാളെ ഗുവാഹത്തിയിലെ ബോറഗാവിലുള്ള രക്തസാക്ഷി സ്മാരകത്തിൽ പ്രധാനമന്ത്രി ആദരമർപ്പിക്കും. പിന്നീട ദിബ്രുഗഡ് ജില്ലയിലെ നാംരൂപിലെത്തി അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്‍റെ അമോണിയ-യൂറിയ വളം പദ്ധതിയുടെ ഭൂമിപൂജ നിർവ്വഹിക്കും.നിയമസഭാ തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് രണ്ടു മാസം ബാക്കിനിൽക്കെയാണ് ഇരുസംസ്ഥാനങ്ങളിലും മോദിയുടെ സന്ദർശനം.



