ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചു; യുവതി റോഡരികിൽ കുഞ്ഞിന് ജന്മം നൽകി

By Web TeamFirst Published Jan 24, 2019, 11:56 AM IST
Highlights

ശാരീരിക അസ്വസ്ഥകളെ തുടർന്ന് യുവതിയെ സാമൂഹികാരോ​ഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ട് അധികൃതർ മടക്കി അയക്കുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. 

ലക്നൗ: ഉത്തർപ്രദേശിലെ സാമൂഹികാരോ​ഗ്യകേന്ദ്രത്തിൽനിന്ന് തിരിച്ചയച്ച ​ഗർഭിണി റോഡരികിൽ കുഞ്ഞിന് ജന്മം നൽകി. ശാരീരിക അസ്വസ്ഥകളെ തുടർന്ന് യുവതിയെ സാമൂഹികാരോ​ഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ട് അധികൃതർ മടക്കി അയക്കുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഉത്തർപ്രദേശിലെ ജലൗന്നിൽ ബുധനാഴ്ചയായിരുന്നു സംഭവം. 

സാമൂഹികാരോ​ഗ്യകേന്ദ്രത്തിൽനിന്ന് മടക്കി അയച്ചതിനുശേഷം സ്ഥിതി വഷളായതിനെ തുടർന്ന് യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടേയും യുവതിയെ അഡ്മിറ്റ് ചെയ്യാൻ അധികൃതർ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് തിരിച്ച് പോകുന്നവഴി ആശുപത്രിക്ക് സമീപത്തുള്ള റോഡിൽവച്ച് യുവതി പെൺക്കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.  

ബന്ധുക്കളുടെയും മറ്റ് സ്ത്രീകളുടെയും സഹായത്തോടെ നിലത്ത് പുതപ്പ് വിരിച്ചാണ് യുവതി പ്രസവിച്ചത്. സംഭവത്തിൽ ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതർക്കെതിരെ ​പ്രതിഷേധവുമായി യുവതിയുടെ കുടുംബങ്ങൾ രം​ഗത്തെത്തി. അതേസമയം ആശുപത്രിയിലെ ആരോപണവിധേയയായ നഴ്സിനെതിരെ ആന്വേഷണം ആരംഭിച്ചതായി ജലൗനിലെ മുതിർന്ന ഡോക്ടർ ബിഎം ഖാരി പറഞ്ഞു.  

കഴിഞ്ഞ വർഷം ആ​ഗസ്റ്റിൽ‌ ​ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭിണി റോഡരികിൽ പ്രസവിച്ചിരുന്നു. സിർസിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ അധികൃതർ ആവശ്യപ്പെട്ട പ്രകാരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബിം​ഗയിലെ ജില്ലാ ആശുപത്രിയിൽനിന്ന് യുവതിയെ ബഹ്റൈച്ചിലെ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ പണമില്ലാത്തതിനാൽ ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഭാര്യയ്ക്ക് റോഡരികിൽ പ്രസവിക്കേണ്ടി വന്നതായി യുവതിയുടെ ഭർത്താവ് പറയുന്നു. സംഭവത്തിൽ ശ്രാവത്തി ജില്ലാ മജിസ്ട്രേറ്റ് ദീപക് മീണ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 
 

click me!