സുന്നി പള്ളികളിലും മറ്റ് ദേവാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് വനിതാ കമ്മീഷന്‍

By Web TeamFirst Published Oct 10, 2018, 2:57 PM IST
Highlights

ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും ജോസഫൈന്‍ 

തിരുവനന്തപുരം: സുന്നി ഉൾപ്പെടെയുള്ള ഏത് മത സമുദായ ദേവാലയങ്ങളിലും കയറാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍. ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും ജോസഫൈന്‍ പറഞ്ഞു. 

അതേസമയം സുന്നി പള്ളികളില്‍   സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകള്‍  നിയമപോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ്. മുസ്ലീം സ്ത്രീകളോടുള്ള മത വിവേചനം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. 

ശബരിമല കേസിലെ പരമോന്നത നീതി പീഠത്തിന്‍റെ  ഇടപെടലാണ് സുന്നിപള്ളികളിലെ വിവേചനത്തിനിരെ നിയമപരമായി പോരാടന്‍ പുരോഗമന മുസ്ലീം സംഘടനകള്‍ക്കുള്ള പ്രേരണ. ഭരണ ഘടന അനുശാസിക്കുന്ന ആരാധന സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീംസ്ത്രീസംഘടനായായ നിസ വ്യക്തമാക്കി.

സുന്നിപള്ളികളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തുണ്ട്. നിലവില്‍ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.കെ, എപി സുന്നികള്‍ വിലക്കേ‍ർപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് ഇ.കെ വിഭാഗം നിലപാടറിയിക്കുമ്പോള്‍, സ്ത്രീപ്രവേശന വിഷയത്തോട് പ്രതികരിക്കാന്‍ എപി സുന്നികള്‍ തയ്യാറായിട്ടില്ല.  
 

click me!