
നോയിഡ: സ്ത്രീധനം ആവശ്യപ്പെട്ട് നടന്ന കലഹത്തിനൊടുവില്‍ മരുമകളെ അമ്മായിയമ്മ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള കലുപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. ചഞ്ചല്‍(30)എന്ന യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തെ തുടര്‍ന്ന് അമ്മായിയമ്മ രാജ്കുമാരി ഒളിവിലാണെന്നും ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു. ചഞ്ചലിന്റെ സഹോദരന്‍ യശ്പാൽ ശർമ്മ നല്‍കിയ പരാതിയുടെ അടിസഥാനത്തിലാണ് രാജ്കുമാരിക്കെതിരെ കേസെടുത്തിരിക്കുന്നത്.
2010ലാണ് ഇതേ ഗ്രാമത്തിലെ തന്നെ ത്രിഭൂവൻ എന്ന യുവാവുമായി ചഞ്ചലിന്റെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം ത്രിഭൂവന് പുതിയ ബിസിനസ് തുടങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപ ചഞ്ചലിനോട് ആവശ്യപ്പെട്ടു. എന്നാൽ തുക നൽകാൻ സാധിക്കാത്തതിനാൽ രാജ്കുമാരി ചഞ്ചലിനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങി. ശേഷം ഡിസംബർ 25ന് ഇക്കാര്യം ആവശ്യപ്പെട്ട് അമ്മായിയമ്മ വഴക്കുണ്ടാക്കുകയും രോക്ഷം പൂണ്ട് യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ചഞ്ചലിനെ ആശുപത്രിയിൽ എത്തിച്ചത്.
അതേ സമയം യുവതിക്ക് ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവം നടക്കുന്നതിന് മുമ്പ് ചഞ്ചൽ തന്നെ വിളിച്ചിരുന്നുവെന്നും പണം ആവശ്യപ്പെട്ട് അമ്മായി അവളെ ക്രുരമായി ഉപദ്രവിച്ചെന്നും കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യശ്പാലിന്റെ പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതൽ പണം ആവശ്യപ്പെട്ട് ചഞ്ചലിനെ ചൂഷണം ചെയ്തിരുന്നുവെന്നും ത്രിഭൂവൻ മദ്യപാനിയാണെന്നും പരാതിയില്‍ ചൂണ്ടുക്കാട്ടിട്ടുണ്ട്. ത്രിഭൂവന്‍, പിതാവ് പ്രകാശ്, രാജ് കുമാരി,ഭര്‍ത്തൃ സഹോദരന്‍ സോനു എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam