
തൃശൂര്‍: കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഇത്ര മാത്രമേ പറഞ്ഞുള്ളൂ. ചേട്ടാ തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണം. തന്നോട് ചെയ്ത് ക്രൂരത മനസിനെ നോവിക്കുമ്പോഴും നിന്നെ ഇത്രയും സ്നേഹിച്ചിട്ടും കൊല്ലാന്‍ പറഞ്ഞു കളഞ്ഞല്ലോ എന്ന് കണ്ണീരോടെ പറയാനേ കൃഷ്ണകുമാറിന് സാധിച്ചുള്ളൂ.
ക്വട്ടേഷന്‍ നല്‍കിയ ഭാര്യ സുജാതയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുകളും ഈ നിമിഷം ഈറനണിഞ്ഞു. കൃത്യമായ ആസുത്രണത്തോടെയാണ് തിരൂർ സ്വദേശി സുജാതയും കാമുകനും സ്വകാര്യ ബസ് ഡ്രെെവറുമായ സുരേഷ് ബാബുവും കൃഷ്ണകുമാറിനെ ഇല്ലാതാക്കാന്‍ തുനിഞ്ഞിറങ്ങിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക് വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൃഷ്ണകുമാര്‍ അങ്ങോട്ട് പോകാനായി തിരൂരെ വീട്ടില്‍ നിന്ന് ഇറങ്ങി. വെളുപ്പിന് ഉണര്‍ന്ന കൃഷ്ണകുമാര്‍ കുളിക്കാന്‍ പോയപ്പോള്‍ തന്നെ യാത്രയുടെ സമയവിവരവും മറ്റും കാമുകനെ സുജാത വിളിച്ച് അറിയിച്ചിരുന്നു.
കാമുകന്‍റെ നിര്‍ദേശം ലഭിച്ചതോടെ ക്വട്ടേഷന്‍ ഏറ്റെടുത്തവര്‍ കൃഷ്ണകുമാറിന്‍റെ വരവും കാത്ത് റോഡില്‍ കാറുമായി കാത്തിരുന്നു. കൃഷ്ണകുമാര്‍ വീട്ടില്‍ നിന്ന് ഇറങ്ങി നടന്ന് വരുമ്പോള്‍ ഒരു കാര്‍ വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് അവിചാരിതമായി ശ്രദ്ധിച്ചിരുന്നു.
താന്‍ നടന്ന് പോകുമ്പോള്‍ ഈ കാര്‍ തിരിക്കുന്നതും കണ്ടു. പിന്നീട് ഒന്നും ആലോചിക്കാന്‍ സമയം ലഭിച്ചില്ല, പാഞ്ഞെത്തിയ കാര്‍ കൃഷ്ണകുമാറിനെ ഇടിച്ച് തെറിപ്പിച്ചു. അതിന്‍റെ ആഘാതത്തില്‍ കൃഷ്ണകുമാര്‍ തെറിച്ചു വീണു. അപകടത്തില്‍ കാലിന്‍റെ എല്ലിനും തോളിനും പൊട്ടലുണ്ടായെങ്കിലും ജീവന്‍ തിരിച്ചു കിട്ടി.
എന്നാല്‍, ആശുപത്രി കിടക്കയിലും കൃഷ്ണകുമാറിന്‍റെ മനസിലൂടെ മറ്റ് ചില ചിന്തകളാണ് കടന്നു പോയത്. ആ കാര്‍ തിരിച്ചത് തന്നെ ഇടിക്കാന്‍ തന്നെയല്ലേ? പുലര്‍ച്ചെ സമയത്ത് അവിടെ ഒരു കാര്‍, താന്‍ പോയതിന് പിന്നാലെ വാഹനം തിരിച്ചു കൊണ്ടു വരുന്നു. അപ്പോള്‍ വഴിയുടെ അരിക് ചേര്‍ന്ന് നടന്ന തന്നെ ഇടിച്ചു വീഴ്ത്തുകയായിരുന്നില്ലേ അവരുടെ ലക്ഷ്യം? ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് കൃഷ്ണകുമാറിന്‍റെ മനസിലൂടെ പാഞ്ഞത്.
പൊലീസില്‍ പരാതി നല്‍കേണ്ടതില്ലെന്ന് ഇടയ്ക്കിടെ ഭാര്യ പറയുന്നതും ആ സംശയങ്ങളുടെ തോത് വര്‍ധിപ്പിച്ചു. ഭാര്യയും സുരേഷ് കുമാറും തമ്മിലെ അടുപ്പത്തെപ്പറ്റി കൃഷ്ണകുമാറിന് ധാരണയുണ്ടായിരുന്നു. ഇതോടെ വിയ്യൂര്‍ എസ്ഐയെ വിളിച്ച് അപകടത്തെപ്പറ്റിയും കാറിനെപ്പറ്റിയുമുള്ള വിവരം അറിയിച്ചു.
അന്വേഷണം ആരംഭിച്ച പൊലീസ് ഇടിച്ച വാഹനത്തിന് പിന്നാലെയാണ് ആദ്യം സഞ്ചരിച്ചത്. നമ്പര്‍ വച്ച് ഉടമയെ കണ്ടെത്തിയതോടെ വാഹനം വാടകയ്ക്ക് എടുത്തവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചു. തൃശൂര്‍ സ്വദേശി ഓമനക്കുട്ടനെ അറസ്റ്റ് ചെയ്തതോടെ സംഭവത്തിലെ ചുരുളുകള്‍ ഒന്നൊന്നായി അഴിഞ്ഞു.
ഓമനക്കുട്ടന്‍ ക്വട്ടേഷന്‍ കഥ വള്ളി പുള്ളി വിടാതെ കെട്ടഴിച്ചതോടെ ബാക്കി പ്രതികളെല്ലാം ഒന്നൊന്നായി പൊലീസിന്‍റെ പിടിയിലായി. നാല് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഓമനക്കുട്ടന്‍ ഏറ്റെടുത്തത്. അഡ്വാന്‍സായി 10,000 രൂപ ലഭിച്ചു. കൃഷ്ണകുമാറിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും സുരേഷ് ബാബുവില്‍ നിന്ന് ക്വട്ടേഷന്‍ സംഘം മനസിലാക്കി.
ആസൂത്രണം എല്ലാം കൃത്യമായി നടപ്പിലായെങ്കിലും വീട്ടില്‍ നിന്ന് ഇറങ്ങിയ കൃഷ്ണകുമാര്‍ റോഡ് മുറിച്ച് കടന്ന് വലത് വശത്ത് കൂടി നടന്നതാണ് പദ്ധതി പാളാന്‍ കാരണമായത്. ഇതോടെ കാര്‍ തിരിക്കേണ്ടി വന്ന സംഘത്തിന്‍റെ കണക്കുക്കൂട്ടലുകള്‍ പിഴച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam