ശബരിമല: യുവതിക്ക് 'ഊരുവിലക്ക്'; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

By Web TeamFirst Published Oct 23, 2018, 7:24 PM IST
Highlights

ശബരിമല ദർശനത്തിനെത്തിയ യുവതിക്ക് വാടകവീട്ടിലും ജോലിസ്ഥലത്തും 'ഊരുവിലക്ക്' നേരിടേണ്ടി വരുന്ന സംഭവത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡിജിപിയോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. 

കോഴിക്കോട്: ശബരിമല ദർശനത്തിനെത്തിയ യുവതിക്ക് വാടകവീട്ടിലും ജോലിസ്ഥലത്തും 'ഊരുവിലക്ക്' നേരിടേണ്ടി വരുന്ന സംഭവത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡിജിപിയോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട്ട് നിന്ന് ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു തങ്കം കല്യാണിക്കാണ് പ്രതികാര നടപടികളും ഭീഷണിയും നേരിടേണ്ടി വരുന്നത്.

ശബരിമല യാത്രയ്ക്ക് പോയി തിരിച്ചെത്തിയപ്പോള്‍ ചേവായൂരിലെ വാടക വീട്ടിലേക്ക് ഇനി വരരുതെന്ന് വീട്ടുടമ അറിയിച്ചതായാണ് ബിന്ദു പറയുന്നത്. വീടിനു നേരെ ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് വീട്ടുടമ ഇങ്ങനെയൊരു നിലപാടെടുത്തതെന്നാണ് ബിന്ദു പറയുന്നത്.

ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ ജോലി ചെയ്യുന്ന സ്കൂളിലേയ്ക്ക് വരേണ്ടെന്ന് സ്കൂളധികൃതരും അറിയിച്ചതായി ബിന്ദു പറയുന്നു. ചേവായൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും എത്തി പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി സ്കൂളിലേക്ക് വരേണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞത്. സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ് ബിന്ദു. ചേവായൂരിലേക്ക് ചെല്ലാനാവാത്ത   സാഹചര്യത്തിൽ ബിന്ദു വീട്ടിൽ നിന്ന് നഗരത്തിലുള്ള സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ അഭയം തേടി. പക്ഷേ ഫ്ലാറ്റ് നിവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു.

കസബ പോലീസെത്തിയാണ് ബിന്ദുവിനെയും സുഹൃത്തുകളെയും ഫ്ലാറ്റില്‍ നിന്ന് മാറ്റിയത്. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവരെ എവിടേക്കാണ് മാറ്റിയതെന്ന കാര്യം പോലീസ് വ്യക്തമാക്കിയട്ടില്ല. തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ തിങ്കളാഴ്ചയാണ് ബിന്ദു ശബരിമല ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു. 

click me!