ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് യാതൊരു അറിയിപ്പുമില്ലാതെ മാറ്റിയതിൽ സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാര്‍.യാത്രയയപ്പ് നൽകാൻ പോലും തയ്യാറായില്ലെന്നും എന്തിനാണ് പുറത്താക്കിയതെന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും പ്രേംകുമാര്‍ 

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് യാതൊരു അറിയിപ്പുമില്ലാതെ മാറ്റിയതിൽ സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാര്‍. തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കെ സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രേംകുമാറിന്‍റെ വിമര്‍ശനം. തന്നോട് സര്‍ക്കാര്‍ കാണിച്ചത് നീതിനിഷേധമാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സർക്കാർ മാന്യത കാണിച്ചില്ലെന്നും പ്രേംകുമാര്‍ തുറന്നടിച്ചു. യാത്രയയപ്പ് നൽകാൻ പോലും തയ്യാറായില്ലെന്നും എന്തിനാണ് പുറത്താക്കിയതെന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും പ്രേംകുമാര്‍ ആരോപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ആശാവര്‍ക്കര്‍മാരുടെ സമരത്തെ അനുകൂലിച്ചതിനെതുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ആശാസമരത്തെ അനുകൂലിച്ച് പറഞ്ഞത് സദുദ്ദേശപരമായ അഭിപ്രായമാണ്. എന്നാൽ, ഇപ്പോള്‍ സച്ചിദാനന്ദനോട് കാണിക്കുന്നതല്ല തന്നോട് കാണിക്കുന്നതെന്നും ഗുരുതര പരാമര്‍ശം നടത്തിയിട്ടും സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരുകയാണെന്നും പ്രേംകുമാര്‍ തുറന്നടിച്ചു. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും പ്രേംകുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും തുറന്ന വിമര്‍ശനം.

മറുപടിയുമായി സജി ചെറിയാൻ

അതേസമയം, പ്രേംകുമാറിന്‍റെ വിമര്‍ശനത്തിൽ മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. പ്രേം കുമാറിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത് കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്നുള്ള സ്വാഭാവിക നടപടിയാണെന്ന് സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രേം കുമാറിനെ മാറ്റിയതോ ഒഴിവാക്കിയതോ അല്ല. അഭിപ്രായ പ്രകടനത്തിന്‍റെ പേരിൽ മാറ്റിനിർത്തുന്ന നയമില്ല. ഒഴിവാക്കിയെന്നത് പ്രേം കുമാറിന്‍റെ തെറ്റിദ്ധാരണയാണ്. ആശയവിനിമയത്തിൽ വീഴ്ചയുണ്ടായെങ്കിൽ പരിശോധിക്കും. നടന് വിഷമമുണ്ടായെങ്കിൽ സംസാരിച്ച് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

YouTube video player