
കോഴിക്കോട്: വനിതാ മതിലിൽ പങ്കെടുക്കണോയെന്ന കാര്യത്തിൽ സ്ത്രീ സംഘടനകൾക്കും, വനിതാ പ്രവര്‍ത്തകര്‍ക്കും ആശയക്കുഴപ്പം. മതിലിന് നേതൃത്വം നൽകുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ നിലപാടും , പികെ ശശി വിഷയത്തിലെ സിപിഎം സമീപനവുമാണ് സംഘടനകളെ പുനരാലോചനക്ക് പ്രേരിപ്പിക്കുന്നത്.
മുഖ്യമന്ത്രി വിളിച്ച വനിതാ മതിൽ ആലോചനാ യോഗത്തിലെ തീരുമാനങ്ങള്‍ക്ക് കടകവിരുദ്ധമാണ് അതിന് നേതൃത്വം നല്‍കുന്ന വെള്ളാപ്പള്ളിയുടെ നിലപാട്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന ആഹ്വാനവുമായി വനിതാ മതില്‍ തീര്‍ക്കുമ്പോള്‍ ശബരിമല യുവതീ പ്രവേശനത്തിന് വെള്ളാപ്പള്ളി എതിരാണ്. പരസ്പര വിരുദ്ധമായ നിലപാടുകള്‍ എങ്ങനെ അംഗീകരിക്കാനാകുമെന്നാണ് 'അന്വേഷി' ഉള്‍പ്പടെയുള്ള വനിതാ സംഘടനകളുടെ ചോദ്യം. പി കെ ശശിയെ വെള്ളപൂശിയ സിപിഎം സമീപനവും ചോദ്യം ചെയ്യപ്പെടുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് കുറ്റപത്രമായ അന്വേഷണ റിപ്പോര്‍ട്ടും, പീഡന പരാതി പൊലീസിന് കൈമാറാത്ത സാഹചര്യവും സ്ത്രീ സംഘടനകളെ ആശയക്കുഴപ്പത്തിലാക്കുന്നു.
അന്വേഷി, സ്ത്രീവേദി, തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളേയും, ആക്ടിവിസ്റ്റുകളേയുമാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. ശശി വിഷയത്തിലെ സിപിഎം നിലപാടില്‍ പ്രതിഷേധിച്ച് എഴുത്തുകാരി സാറാ ജോസഫ് വനിതാ മതിലില്‍ നിന്ന് പിന്മാറിയിരുന്നു. മതിലിലെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി നടി മഞ്ജുവാര്യരും ഒഴിവായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam