
കൊച്ചി: പുതുവൈപ്പില്‍ എല്‍.പി.ജി പ്ലാന്‍റിനെതിരെ സമരം ചെയ്തതിന് അറസ്റ്റിലായ സ്‌ത്രീകളടക്കമുള്ളവരെ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച് അപമാനിച്ചെന്ന് പരാതി. ഇന്നലെ മുഴുവന്‍ ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവര്‍ക്ക് രാവിലെ പ്രഭാത കൃത്യങ്ങള്‍ക്കുള്ള അവസരം പോലും പൊലീസുകാര്‍ നിഷേധിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. ഇവിടെയുണ്ടായിരുന്ന ടോയ്‍ലറ്റുകള്‍ വനിതാ പൊലീസുകാര്‍ രാവിലെ തന്നെ പുറത്ത് നിന്ന് പൂട്ടി. സ്‌ത്രീകള്‍ സ്റ്റേഷന്‍ പരിസരത്ത് മറ്റ് സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ തുണി കൊണ്ട് മറച്ച് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടെ പുരുഷ പൊലീസുകാര്‍ അവിടെയെത്തി തുണി എടുത്തുമാറ്റുകയായിരുന്നെന്ന് സമരക്കാര്‍ ആരോപിക്കുന്നു. മൂത്രമൊഴിക്കുന്ന സ്ഥലത്ത് വരെ പൊലീസുകാര്‍ കയറിച്ചെന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.
തുടര്‍ന്ന് ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്ന് രാവിലെയും കടുത്ത പ്രതിഷേധം ഉണ്ടായി. സംഭവമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് ഇവരെ പൊലീസുകാര്‍ ബലംപ്രയോഗിച്ച് വാഹനങ്ങളില്‍ കയറ്റുകയായിരുന്നു. ഇന്നലെ പ്രദേശവാസികളെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചുള്ള യു.ഡി.എഫ് ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. വൈപ്പിന്‍ മേഖലയിലാണ് ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. സമരസമിതി ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ മറ്റിടങ്ങളില്‍ ഭാഗികമാണ്. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി 21 ന് തിരുവനന്തപുരത്താണ് മുഖ്യമന്ത്രി ചര്‍ച്ച വിളിച്ചിരിക്കുന്നത്. സംഭവത്തില്‍ പരിക്കേറ്റ മുപ്പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam