ചെന്നൈ: പാൽക്കാരന്‍റെ ശബ്ദം കേട്ടാണ് വീട്ടമയായ ഗീത പുറത്തേക്ക് വന്നത്. ചെന്നൈയിലെ വലസരവക്കത്തുള്ള വീടിന് സമീപത്തായി ഒഴുകുന്ന ഓവ് ചാലിൽനിന്നും കരയുന്ന ശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു അയാൾ വിളിച്ചത്. ഓവ് ചാലിന് സമീപമെത്തിയ ഗീത ശബ്ദം കേൾക്കുന്നതിനായി കാതോർത്തു.
അതൊരു കുഞ്ഞിന്‍റെ കരച്ചിലാണ് ഗീത പറഞ്ഞു. ചിലപ്പോൾ കോഴി കുഞ്ഞിന്‍റേതായിരിക്കമെന്ന് അവർ ആദ്യം ചിന്തിച്ചു. എന്തായാലും ഉള്ളിൽ അകപ്പെട്ടതെന്ന് അറിയാനുള്ള ആകാംഷ മൂലം ഗീത ഓവ് ചാലിലേക്ക് ഇറങ്ങി. ഓവ് ചാലിൽ തപ്പിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച്ചയാണ് അവർ കണ്ടത്. പൊക്കിൽകൊടിപോലും മുറിച്ച് മാറ്റാത്ത ഒരു നവജാത ശിശു.
അതിന്‍റെ കഴുത്തിന് ചുറ്റും പിണഞ്ഞ് കിടക്കുകയായിരുന്നു പൊക്കിൾകൊടി. നിര്‍ത്താതെ നിലവിളിച്ചുക്കൊണ്ടിരിക്കുന്നു ആ കുരുന്ന്. പതുക്കെ അവന്‍റെ കാലുകളിൽ പിടിച്ച് അഴുക്ക് ചാലിൽനിന്നും വലിച്ചു പുറത്തെടുത്തു. തുടർന്ന് ചുറ്റും കൂടിനിന്ന ആളുകളോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
വെള്ളം ഉപയോഗിച്ച് കുഞ്ഞിനെ കഴുകി വൃത്തിയാക്കിയതിശേഷം ചെന്നൈ എഗ്മോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് ഇപ്പോള്‍ തികച്ചും ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഞാൻ അവനെ 'സ്വാതന്ത്രം' എന്നാണ് പേരിട്ടിരിക്കുന്നത്. കാരണം അവനെ സ്വാതന്ത്രദിനത്തിലാണ് എനിക്ക് ലഭിച്ചതെന്ന് ഗീത പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഓവുചാലിൽ വെള്ളം ഇല്ലാത്തതിനാൽ വലിയൊരു അപകടം ഒഴിവായതായി പൊലീസ് പറഞ്ഞു. കുഞ്ഞ് സുഖമായിരിക്കുന്നു. അവനിപ്പോൾ എഗ്മോറിലെ സർക്കാർ അശുപത്രിയിലാണുള്ളത്. കുറച്ച് ദിവസങ്ങള‍്‍ക്ക് ശേഷം ശിശുഭവനത്തിലേക്ക് അയക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം കുഞ്ഞിന് രക്ഷിച്ച് കമ്പിളിയിൽ പൊതിഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഓവ് ചാലിൽനിന്നും കുഞ്ഞിന് രക്ഷിച്ച ഗീതയെ ആശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam