'ഞങ്ങള്‍ സമത്വം പറയുന്നില്ല'; സമത്വം പറഞ്ഞല്ല സ്ത്രീകളെ സംഘടിപ്പിക്കുന്നത്: വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി

By Web TeamFirst Published Jan 1, 2019, 9:33 PM IST
Highlights

'ഞങ്ങള്‍ മതിലുകള്‍ പണിയുന്നില്ല, സമത്വം പറയുന്നില്ല' എന്ന വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. വനിതാ മതില്‍ വിഷയത്തില്‍ സമസ്തയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നുണ്ടോ, സ്ത്രീ സമത്വത്തില്‍ വിശ്വസിക്കുന്നുണ്ടോ  എന്നീ ചോദ്യത്തിനായിരുന്നു ഈ പ്രതികരണം. 

തിരുവനന്തപുരം: ഞങ്ങള്‍ മതിലുകള്‍ പണിയുന്നില്ല, സമത്വം പറയുന്നില്ല എന്ന് വനിതാ മതില്‍ വിഷയത്തില്‍ വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. സ്ത്രീ സമത്വം പറഞ്ഞല്ല വനിതാ ലീഗ് സ്ത്രീകളെ സംഘടിപ്പിക്കുന്നത്. സ്ത്രീ സമത്വം എന്നത് എല്ലാത്തിലും തുല്യത എന്നല്ല അര്‍ത്ഥമാക്കുന്നത്. പുരുഷന് പുരുഷന്‍റെയും സ്ത്രീകള്‍ക്ക് സ്ത്രീകളുടേതായും രീതികളുണ്ടെന്നും നൂര്‍ബിന റഷീദ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

വനിതാ മതില്‍ വിഷയത്തില്‍ സമസ്തയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഈ പ്രതികരണം. സ്ത്രീകളെ തെരുവിലിറക്കുന്നത് അനിസ്ലാമികമാണെന്ന് സമസ്ത അഭിപ്രായപ്പെട്ടിരുന്നു. 'പൂര്‍ണമായും പ്രവാചകനെ പിന്തുടരുന്നവരാണ് വനിതാ ലീഗുകാര്‍. മതനിര്‍ദേശങ്ങള്‍ അനുസരിച്ച് സംഘടിക്കുന്നവരാണ്. മതനിര്‍ദേശങ്ങളെ മാറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം വനിത ലീഗിനില്ല. വിശ്വാസികളിലെ അപാകതകള്‍ വിശ്വാസികള്‍ തിരുത്തും. അവിശ്വാസികളും അന്ധവിശ്വാസികളും ഇടപെടേണ്ട. സമസ്തയുടെ അഭിപ്രായം സമസ്ത എക്കാലത്തും പറയുമെന്നും' നൂര്‍ബിന റഷീദ് പറഞ്ഞു.

വനിതാ മതില്‍ ഒരു വിജയമായി ആര്‍ക്കും അവകാശപ്പെടാനാകില്ല. സമത്വത്തിന്‍റെ മതിലല്ല, അടിമത്തത്വത്തിന്‍റെ മതിലാണ് പണിതത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തിയാണ് മതില്‍ കെട്ടിയത്. ഭീഷണിപ്പെടുത്തി, തെറ്റിദ്ധരിപ്പിച്ചാണ് ആളുകളെ പങ്കെടുപ്പിച്ചത്. ഇന്നലെവരെ മതിലിനെ കുറിച്ച് സംഘാടകര്‍ക്ക് കാര്യമായ ധാരണയുണ്ടായിരുന്നില്ല. വനിതാ മതിലിനെ കുറിച്ച് മുഖ്യമന്ത്രിയും നേതാക്കളും വൈരുദ്ധ്യമാര്‍ന്ന മറുപടികളാണ് നല്‍കിയത്. 

പീഡന പരാതിയില്‍ പി.കെ എംഎല്‍എക്കെതിരെ നടപടി എടുത്താകണമായിരുന്നു സിപിഎം മതില്‍ പണിയേണ്ടിയിരുന്നത്. തെറ്റിദ്ധരിപ്പിച്ച് ഇരു കൂട്ടരും കേരളത്തെ ഭ്രാന്താലയമാക്കുന്നു. കേരളത്തില്‍ ഇനിയും അമ്മമാരുടെ കണ്ണീര്‍ ഒഴുകാന്‍ പാടില്ല. ചോരപ്പുഴ ഒഴുക്കാന്‍ പൊതുസമൂഹം അനുവദിക്കില്ല എന്നും നൂര്‍ബിന റഷീദ് പറഞ്ഞു. 

click me!