വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്ക് നേരെ ബിജെപി‐ ആർഎസ്‌എസ്‌ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

By Web TeamFirst Published Jan 1, 2019, 10:40 PM IST
Highlights

വനിതാ മതിലിൽ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന അംഗടിമുഗറിൽ നിന്നുള്ള പ്രവർത്തകർ സഞ്ചരിച്ച ബസിനു നേരെ ആക്രമണം. 

കാസർകോട്‌: വനിതാ മതിലിൽ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന അംഗടിമുഗറിൽ നിന്നുള്ള പ്രവർത്തകർ സഞ്ചരിച്ച ബസിനു നേരെ ആക്രമണം. ബിജെപി‐ ആർഎസ്‌എസ്‌ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. നാലുപേർക്ക്‌ പരിക്ക്‌ പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

മധൂർ കുതിരപ്പാടിയിൽ വച്ചാണ്‌ വ്യാപക അക്രമമുണ്ടായത്‌. ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്‌മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയുമാണ് മംഗളൂരുവിലെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുത്തിഗെയിലെ അമ്പുവിന്റെ മകൾ ബിന്ദു (36), പെർളാടത്തെ മായിൻകുഞ്ഞിയുടെ മകൻ പി എം അബ്ബാസ്‌ (45) എന്നിവരെ ജനറൽ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക്‌ ശേഷം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവ്വാബിയുടെയും സരസ്വതിയുടെയും തലയ്‌ക്കാണ്‌ ഗുരുതരമായി പരിക്കേറ്റത്‌.

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെ കാസര്‍കോട് മായിപ്പാടിയിലും കല്ലേറുണ്ടായിരുന്നു. കാസര്‍കോട് ചേറ്റുകുണ്ടിലും വനിതാ മതിലിനിടെ സംഘര്‍ഷമുണ്ടായി. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് കയ്യേറി മതില്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബിജെപിക്ക് സ്വാധീനമുളള മേഘലയാണിത്. സംഭവസ്ഥലത്തെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

അതേസമയം,  620 കിലോമീറ്ററില്‍ ഒരുങ്ങിയ മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്.  മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി. മതിലിന് പിന്തുണയുമായി മന്ത്രിമാരും ജനപ്രതിനിധികളും എത്തി.

click me!