
അഗർത്തല: ത്രിപുരയില്‍ ‘ഡെയ്‌ലി ദേശാർ കഥ’എന്ന പത്രത്തിന്‍റെ രജിസ്ട്രേഷൻ രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോർ ഇന്ത്യ റദ്ദാക്കി. ചൊവ്വാഴ്ച പത്രം പ്രസിദ്ധീകരിക്കാനായില്ല. നാലുപതിറ്റാണ്ടിനിടെ ആദ്യമായാണ് പത്രത്തിന്റെ പ്രസിദ്ധീകരണം നിലയ്ക്കുന്നത്.ത്രിപുര സിപിഎമ്മിന്‍റെ മുഖപത്രമാണ് ‘ഡെയ്‌ലി ദേശാർ കഥ.
മാനേജ്മെന്റിൽ അടുത്തിടെയുണ്ടായ മാറ്റം നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാണിച്ച് വെസ്റ്റ് ത്രിപുര കളക്ടർ ന്യൂസ് പേപ്പേഴ്സ് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് തിങ്കളാഴ്ച രാത്രി രജിസ്ട്രേഷൻ റദ്ദാക്കിയത്. 1978 പ്രവർത്തനമാരംഭിച്ച പത്രത്തിന്‍റെ ഉടമസ്ഥാവകാശം ആദ്യം സി.പി.എമ്മിനുതന്നെയായിരുന്നു.
2012-ൽ ഒരു രജിസ്ട്രേഡ് സൊസൈറ്റിക്കും കഴിഞ്ഞമാസം, പുതുതായി രൂപവത്കരിച്ച ഒരു ട്രസ്റ്റിനും ഉടമസ്ഥാവകാശം കൈമാറി. ഇക്കാര്യത്തിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് സി.പി.എം. നേതാവും സ്ഥാപക പത്രാധിപരുമായ ഗൗതം ദാസ് പറഞ്ഞു. സംസ്ഥാനത്തെ ബി.ജെ.പി.സർക്കാർ കളക്ടർക്കുമേൽ സമ്മർദം ചെലുത്തിയാണ് പത്രം പൂട്ടിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നാണംകെട്ട ആക്രമണമാണിതെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹിയിൽ പ്രതികരിച്ചു. എന്നാൽ, ഉത്തരവിൽ ബി.ജെ.പി.ക്ക് പങ്കില്ലെന്നു വക്താവ് മൃണാൾകാന്തി ദേബ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam