
ദില്ലി: ഇന്ത്യയുടെ 46 മത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇന്ന് ചുമതലയേൽക്കും. ഉച്ചക്ക് 12 മണിക്ക് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആദ്യ കേസ് പരിഗണിക്കും. രാഷ്ട്രപതി ഭവനിൽ രാവിലെ 10.45നാണ് സത്യപ്രതിജ്ഞ ചടങ്ങ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജസ്റ്റിസ് രഞ്ജൻ ഗെഗോയിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ്, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങിന് സാക്ഷിയാകാനെത്തും. സത്യപ്രതിജ്ഞക്ക് ശേഷം സുപ്രീംകോടതിയിലെത്തി ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഗൊഗോയി ചുമതലയേക്കും. അസമിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി.
2001 ഫെബ്രുവരി 28നാണ് ജസ്റ്റിസ് ജഡ്ജിയാകുന്നത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2012 ഏപ്രിൽ 23ന് സുപ്രീംകോടതിയിലേക്ക് എത്തി. ജസ്റ്റിസ് ദീപക് മിശ്രയുടെ പിൻഗാമിയായി ചീഫ് ജസ്റ്റിസ് പദത്തിലേക്ക് എത്തുമ്പോൾ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് വെല്ലുവിളികൾ ഏറെയാണ്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്കെതിരെ കോടതി നടപടികൾ നിര്‍ത്തി വെച്ച് വാര്‍ത്ത സമ്മേളനം നടത്തിയ ജഡ്ജിമാരിൽ പ്രമുഖനായിരുന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. സുപ്രീംകോടതിയിലെ ഭരണകാര്യങ്ങളിൽ ചില മാറ്റങ്ങൾ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വരുത്തുമെന്നാണ് സൂചന. കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ജസ്റ്റിസ് ദീപക് മിശ്ര തീരുമാനിച്ച റോസ്റ്ററുകളിലും മാറ്റം പ്രതീക്ഷിക്കാം. 2019 നവംബര്‍ 17വരെയാണ് ജസ്റ്റിസ് ഗൊഗോയി ചീഫ് ജസ്റ്റിസായി തുടരുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam