
ബാങ്കോക്ക്: ഇന്ത്യയില്‍ നിന്ന് നാടുകടത്തിയ യോഗ ഗുരുവിനെതിരെ തായ്‌ലന്‍ഡില്‍ ലൈംഗികാതിക്രമക്കേസ്. റൊമാനിയക്കാരനായ നാര്‍സിസ് ടാര്‍ക്കോയ്‌ക്കെതിരെയാണ് കേസ്. സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ നേരത്തേ ഇന്ത്യയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വിസ റദ്ദാക്കപ്പെട്ടതോടെയാണ് ഇയാള്‍ 2003ല്‍ ഋഷികേശില്‍ തായ്‌ലന്‍ഡിലേക്ക് കടന്നത്.
2003 മുതല്‍ തായ്‌ലന്‍ഡില്‍ അഗാമ യോഗ സെന്റര്‍ കേന്ദ്രീകരിച്ച് ക്ലാസുകളെടുക്കുകയും ചികിത്സ നടത്തി വരികയുമായിരുന്നു. യു.കെ, ഓസ്‌ട്രേലിയ, ബ്രസീല്‍, യു.എസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള 14 വനിതാ ടൂറിസ്റ്റുകളാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമക്കുറ്റം ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി ടാര്‍ക്കോയുടെ നേതൃത്വത്തില്‍ യോഗ സെന്റര്‍ കേന്ദ്രീകരിച്ച് സെക്‌സ് നെറ്റ്വര്‍ക്കിംഗ് നടക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. യോഗ സെന്ററിലെത്തുന്ന സ്ത്രീകളെ ബ്രെയ്ന്‍ വാഷ് ചെയ്ത് താനുമായി സെക്‌സിലേര്‍പ്പെടാന്‍ ഇയാള്‍ നിര്‍ബന്ധിക്കുകയാണെന്നും ഇതില്‍ അകപ്പെടാത്തവരെ ബലാത്സംഗം ചെയ്യുകയാണ് പതിവെന്നും ഇവര്‍ ആരോപിക്കുന്നു.
ആത്മീയ പ്രഭാഷണങ്ങള്‍ നടത്തുന്നതിനിടെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി മൂന്ന്‌സ്ത്രീകള്‍ പരസ്യമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുപ്പതിലധികം സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതിപ്പെടാനും തയ്യാറായിട്ടുണ്ട്.
അതേസമയം തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അഗാമ യോഗ സെന്റര്‍ തള്ളി. എന്നാല്‍ ടാര്‍ക്കോയെ കുറിച്ച് പ്രതികരിക്കാന്‍ യോഗ സെന്റര്‍ തയ്യാറായിട്ടില്ല. തങ്ങളെ മനപ്പൂര്‍വ്വം കരി വാരിത്തേക്കാന്‍ പുറത്ത് നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ആരോപണങ്ങളെന്നാണ് ഇവര്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam