യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രി

By Web DeskFirst Published Mar 18, 2017, 7:11 AM IST
Highlights

ന്യൂഡല്‍ഹി: എം പി യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയാകും . ലക്നൗവിൽ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് .

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന സംസ്ഥാന അധ്യക്ഷൻ കൂടിയായ കേശവ് പ്രസാദ് മൗര്യ, ലക്നൗ മേയർ ദിനേശ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും.

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് നടക്കും. ലക്നൗ കാൻഷിറാം സ്മൃതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നിയുക്ത മുഖ്യമന്ത്രി ആദിത്യനാഥിനൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തും.

തിരഞ്ഞെടുപ്പു വിജയം മുതൽ അവസാന നിമിഷം വരെ തുടർന്നുവന്ന അനിശ്ചിതത്വങ്ങൾക്കും, ഒരു ദിവസം നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കും ഒടുവിലാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ സമവായത്തിലെത്തിയത്. വൈകിട്ടു ചേർന്ന നിയമസഭാ കക്ഷിയോഗത്തിൽ യോഗി ആദിത്യനാഥിനെ ഔദ്യോഗികമായി നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവും മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും നിരീക്ഷകരെന്ന നിലയില്‍ യോഗത്തിൽ പങ്കെടുത്തു. ലോക്സഭാംഗമായതിനാൽ ചട്ടമനുസരിച്ച് യോഗി ആദിഥ്യനാഥ് എം പി സ്ഥാനം രാജിവച്ച് ആറുമാസത്തിനുള്ളിൽ ജനവിധി തേടി നിയമസഭാംഗമാകണം.

നിയമസഭാ കക്ഷിയോഗം ഏകകണ്ഠമായാണ് യോഗി ആദിത്യനാഥിനെ നേതാവായി തിരഞ്ഞെടുത്തതെന്ന് നിരീക്ഷകനായി യോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. രണ്ട് ഉപമുഖ്യമന്ത്രിമാർ എന്ന ഫോർമുല മുന്നോട്ടുവച്ചത് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുന്നോട്ടു നീങ്ങണമെന്ന ഇന്ത്യൻ ജനതയുടെ അഭിലാഷമാണ് യുപി തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 403 അംഗ യുപി നിയമസഭയിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.

ഗൊരഖ്നാഥ് മഠാധിപൻ കൂടിയാണ് നാൽപ്പത്തിനാലുകാരനായ യോഗി ആദിത്യനാഥ്. 1998 മുതൽ ലോക്സഭയിൽ ഗൊരഖ്പുരിനെ പ്രതിനിധീകരിക്കുന്ന യോഗി ആദിത്യനാഥ്, അ‍ഞ്ചു തവണ പാർലമെന്റ് അംഗമായി. 1998നുശേഷം 1999, 2004, 2009, 2014 വർഷങ്ങളിലും ഗൊരഖ്പുരിൽനിന്ന് ലോക്സഭയിലെത്തി. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയായ യോഗി ആദിത്യനാഥിന്റെ യഥാർഥ പേര് അജയ് സിങ് ബിഷ്ത് എന്നാണ്.

click me!