
കൊൽക്കത്ത: ബംഗാളിൽ ഹെലികോപ്ടർ ഇറക്കാൻ അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും ഉത്തർദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. ഹെലികോപ്ടർ താഴെ ഇറക്കാന്‍ സമ്മതിക്കാത്തതിൽ പ്രതിഷേധിച്ച് ജനങ്ങളെ ഫോണിൽ വിളിച്ച് യോഗി ആദിത്യനാഥ് സംസാരിച്ചു.
കൊൽക്കത്തയിൽ ഇന്ന് നടത്താനിരുന്ന റാലിയ്ക്ക് അനുമതി നിഷേധിച്ച മമതാ ബാനർജിയുടെ തൃണമൂൽ സർക്കാർ അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്ന് ഫോണിലൂടെ ജനങ്ങളോട് യോഗി പറഞ്ഞു. ജനാധിപത്യത്തിൽ ഭരണം ദുരുപയോഗം ചെയ്യരുതെന്ന കാര്യം മമതാ ജി അംഗീകരിക്കണം. പശ്ചിമ ബംഗാളിലെ ഭരണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും യോഗി പറഞ്ഞു.
മാൾഡയ്ക്കടുത്ത് നോർത്ത് ദിനാജ് പൂരിലാണ് ആദിത്യനാഥിന്‍റെ തെരഞ്ഞെടുപ്പ് റാലി നടത്താനിരുന്നത്. റാലി നടത്തുന്നതിനും മാൾഡയിൽ ആദിത്യനാഥിന്‍റെ ഹെലികോപ്റ്റർ ഇറക്കുന്നതിനും ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ബിജെപി പ്രവർത്തകർ നടത്തുന്നത്. മാൾഡ ജില്ലാ കളക്ടർ ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
കഴിഞ്ഞ മാസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന റാലിക്കും മമതാ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ബംഗാളിൽ അമിത് ഷായുടെ ഹെലികോപ്ടർ ഇറക്കുന്നതിനും ഭരണകൂടം അനുമതി നൽകിയിരുന്നില്ല. മാൾഡയ്ക്കടുത്തുള്ള ഹോട്ടൽ ഗോൾഡൻ പാർക്കിന്‍റെ എതിർവശത്തുള്ള ഗ്രൗണ്ടിൽ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കുന്നതിനാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്ന ഇടമാണിത്.
ഇത് സർക്കാരിന്‍റെ സ്ഥലമാണെന്നും സ്വകാര്യവ്യക്തികൾക്ക് ഇവിടം നൽകാനാകില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാൽ മമതാ ബാനർജി അധികാരം ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു കേന്ദ്രനിയമമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കർ പ്രസാദിന്‍റെ പ്രതികരണം. എന്നാൽ ഞങ്ങൾക്ക് ജനാധിപത്യത്തിൽ വിശ്വാസമുണ്ട്, നിങ്ങൾക്കോ എന്നായിരുന്നു മമത തിരിച്ചടിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam