
മുംബൈ: തന്‍റെ ഹിമാലയന്‍ ജീവിതത്തെക്കുറിച്ചും ബാല്യകാലത്തെക്കുറിച്ചും ഓര്‍മ്മകള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിലാണ് ചെറുപ്പകാലത്ത് സന്യാസിയെപ്പോലെ ജീവിച്ചത് മോദി ഓര്‍ത്തെടുക്കുന്നത്. അക്കാലത്ത് തനിക്ക് കൗതുകം കൂടുതലും വ്യക്തത കുറവുമായിരുന്നെന്ന് മോദി സമ്മതിക്കുന്നു.
ദൈവത്തിൽ അർപ്പിച്ച കാലമായിരുന്നു അത്. 17–ാം വയസ്സിലായിരുന്നു ഇത്. മാതാപിതാക്കളെവിട്ട് അങ്ങനെയാണ് ഹിമാലയത്തിലേക്കു പോകുന്നത്. വീടുവിട്ടിറങ്ങുമ്പോൾ അമ്മ എനിക്കു മധുരം തന്നു. നെറ്റിയിൽ കുറിയിട്ട് അനുഗ്രഹിച്ചു. അത് എന്‍റെ ജീവിതത്തിലെ തീർച്ചപ്പെടുത്താനാകാത്ത കാലഘട്ടമായിരുന്നു. പക്ഷേ ഒരുപാട് ഉത്തരങ്ങൾ അപ്പോൾ ലഭിച്ചു. ഏറെ ദൂരം സഞ്ചരിച്ചു. രാമകൃഷ്ണ മിഷന് കൂടെ ഏറെക്കാലം പ്രവർത്തിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു യാത്ര ചെയ്തുകൊണ്ടിരുന്നു
ഹിമാലയത്തിൽ ബ്രാഹ്മമുഹൂർത്തത്തിൽ എല്ലാ ദിവസവും ഉണർന്ന് വെള്ളം ചൂടാക്കുക പോലും ചെയ്യാതെ കുളിച്ചിരുന്നു. മരവിപ്പിക്കുന്ന തണുപ്പാണ് വെള്ളത്തിനുണ്ടായിരുന്നതെങ്കിലും തനിക്കത് ഊഷ്മളമായ അനുഭൂതിയായിരുന്നു ഉണ്ടാക്കിയിരുന്നത്. പ്രപഞ്ചത്തിന്‍റെ താളവുമായി എങ്ങനെ കൂടിച്ചേരണമെന്ന് തന്നെ സന്യാസിമാർ പഠിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
എട്ട് അംഗങ്ങളുള്ള കുടുംബം ഒരു ചെറിയ വീട്ടിലാണു താമസിച്ചിരുന്നത്. പക്ഷേ ഞങ്ങൾക്ക് അതുമതിയായിരുന്നു. എന്റെ അമ്മയ്ക്കു വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പക്ഷേ രോഗങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവ് അവർക്കു ദൈവം കൊടുത്തു. റെയിൽവേ സ്റ്റേഷനിലെ അച്ഛന്റെ കട തുറന്ന് വൃത്തിയാക്കിയ ശേഷമാണ് എപ്പോഴും സ്കൂളിലേക്കു പോയിരുന്നത്. സ്കൂള്‍ കഴിഞ്ഞാൽ അച്ഛനെ സഹായിക്കുന്നതിനായി തിരിച്ചെത്തും. അവിടെയുള്ള രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരെ കാണുകയായിരുന്നു എന്റെ ലക്ഷ്യം. അവർക്കു ചായ കൊടുത്ത് അവരുടെ കഥകൾ കേൾക്കും. അങ്ങനെയാണ് ഞാന്‍ ഹിന്ദി ഭാഷ പഠിച്ചത്. ചിലരിൽനിന്ന് ബോംബെയെക്കുറിച്ചു കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
പ്രപഞ്ചത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ് താനെന്ന് സ്വയം തിരിച്ചറിഞ്ഞാൽ ഉള്ളിലെ എല്ലാ അഹമ്മതിയും ഇല്ലാതാകുമെന്ന് മോദി അഭിമുഖത്തിൽ പറഞ്ഞു. താൻ ലൈബ്രറിയിൽ പോകുമായിരുന്നെന്നും കൈയിൽ കിട്ടുന്നതെല്ലാം വായിക്കുമായിരുന്നെന്നും മോദി പറഞ്ഞു. എട്ടാം വയസ്സു മുതൽ ശാഖയിൽ പോയിത്തുടങ്ങി. ഒമ്പതാം വയസ്സിൽ ഗുജറാത്തിലെ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരെ സഹായിക്കാൻ ഒരു ഭക്ഷണകേന്ദ്രം ഒരുക്കുന്ന ജോലിയിലേർപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ പൂർവ്വകാല ജീവിതത്തെക്കുറിച്ച് പറയുന്ന ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലുള്ള വിവരങ്ങളാണിവ. ആകെ അഞ്ച് ഭാഗങ്ങളുള്ളതിൽ ബാക്കി മൂന്ന് ഭാഗങ്ങൾ വരാനുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam