ക്രിസ്മസ് തലേന്ന് കെഎസ്ഇബി ഓഫിസ് മുറ്റത്തു നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയില്‍

By Web TeamFirst Published Jan 1, 2019, 12:48 AM IST
Highlights

ജനലില്‍ കൂടി തോട്ടിയുപയോഗിച്ച് ജീവനക്കാരൻ തൂക്കിയിട്ടിരുന്ന പാന്‍റ് ആദ്യം കൈവശപ്പെടുത്തി. പോക്കറ്റിലുണ്ടായിരുന്ന 8000 രൂപയും താക്കോലും മോഷ്ടിച്ച രതീഷ് യൂണിഫോമും ധരിച്ചുകൊണ്ടായിരുന്നു ബൈക്കുമായ് കടന്നത്. 

കൊച്ചി: ക്രിസ്മസ് തലേന്ന് രാജകുമാരി കെഎസ്ഇബി ഓഫിസ് മുറ്റത്തു നിന്നും ബൈക്ക് മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. കുരങ്ങുപാറ പുളിക്കകുന്നേല്‍ രതീഷിനെയാണ് രാജാക്കാട് പൊലിസ് അറസ്റ്റു ചെയ്തത്. നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ രതീഷെന്ന് പൊലിസ് പറഞ്ഞു. 

എറണാകുളത്തു നിന്നും കാര്‍ മോഷ്ടിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു രതീഷിന്‍റെ ബൈക്കു മോഷണം. രാജകുമാരി സെക്ഷൻ ഓഫീസിൽ രാത്രി ജോലി നോക്കിയിരുന്ന ജീവനക്കാരന്‍റെ ബൈക്കാണിയാൾ മോഷ്ടിച്ചത്. ജനലില്‍ കൂടി തോട്ടിയുപയോഗിച്ച് ജീവനക്കാരൻ തൂക്കിയിട്ടിരുന്ന പാന്‍റ് ആദ്യം  കൈവശപ്പെടുത്തി. പോക്കറ്റിലുണ്ടായിരുന്ന 8000 രൂപയും താക്കോലും മോഷ്ടിച്ച രതീഷ് യൂണിഫോമും ധരിച്ചുകൊണ്ടായിരുന്നു ബൈക്കുമായ് കടന്നത്.

മോഷണം നടന്ന സമയത്ത് നാട്ടിലുണ്ടായിരുന്നുവെന്ന വിവരമാണ് ഇയാളെ കുടുക്കിയത്. സംശയിക്കാതിരിക്കാന്‍ കാക്കി യൂണിഫോം ധരിച്ച് മോഷണം നടത്തുന്നതാണ് രതീഷിന്‍റെ രീതി. പൊലീസിന്‍റെ വാഹന പരിശോധനയില്‍ നിന്നു രക്ഷപെടാനാണിത്.

രാജാക്കാട് സ്റ്റേഷനില്‍ രണ്ടു വാഹന മോഷണ കേസുകളാണ് രതീഷിന്റെ പേരിലുള്ളത്. എറണാകുളത്തു നിന്നും ആംബുലന്‍സ് മൂവാറ്റുപുഴയില്‍ നിന്നും കാറ്, മുട്ടത്തെ ഒരു വീട്ടില്‍ നിന്നു സ്വര്‍ണവും പണവും എന്നിവ മോഷ്ടിച്ച കേസിലും ഇയാള്‍ പിടിയിലായിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളെത്തിച്ച് പൊളിച്ചു വില്‍ക്കുന്ന സംഘത്തിലും രതീഷ് ഉൾപെടുന്നതായാണ് പൊലിസിനു കിട്ടിയിരിക്കുന്ന സൂചന. 
 

click me!