
ജയ്പൂര്‍: മലാശയത്തില്‍ സ്വര്‍ണ്ണം വച്ച് കടത്താന്‍ ശ്രമിച്ച യുവാവ് ജയ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടിയിലായി. പങ്കജ് സദുവാനി എന്ന മുപ്പതുകാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
തായ് എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് യുവാവ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിമാനത്താവളത്തിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനിടെ യുവാവിന്റെ പെരുമാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു.
'ഒരു പ്രത്യേക രീതിയിലായിരുന്നു അയാളുടെ പെരുമാറ്റം മുഴുവനും. ആകെ അസ്വസ്ഥനായിരുന്നു. ഇതാണ് ഞങ്ങളില്‍ സംശയമുണ്ടാക്കിയത്'- കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തുടര്‍ന്ന് യുവാവിനെ മാറ്റിനിര്‍ത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ആറ് കഷ്ണങ്ങളായി ഒരു കിലോ സ്വര്‍ണ്ണമായിരുന്നു യുവാവ് മലാശയത്തില്‍ വച്ച് കടത്താന്‍ ശ്രമിച്ചത്.
ഇത്തരത്തില്‍ കള്ളക്കടത്ത് നടത്തുന്നവര്‍ സംശയത്തിന് ഇട നല്‍കാതെ ആര്‍ക്കാണോ സ്വര്‍ണ്ണം കൈമാറേണ്ടത് അവരുടെ ഫോട്ടോ മാത്രം കയ്യില്‍ കരുതുകയും വിമാനമിറങ്ങി, പുറത്ത് കാത്തുനില്‍ക്കുന്നയാളെ ഫോട്ടോ നോക്കി തിരിച്ചറിഞ്ഞ് അയാള്‍ക്ക് സാധനം കൈമാറുകയും ചെയ്യുകയാണ് പതിവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
യുവാവിന്റെ പെരുമാറ്റമാണ് കുറ്റം കണ്ടെത്താന്‍ സഹായിച്ചതെന്നും ഇവര്‍ പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam