ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

By Web TeamFirst Published Nov 8, 2018, 11:26 PM IST
Highlights

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് തോന്നിപ്പിക്കുന്ന വീഡിയോ നിര്‍മ്മിച്ചായിരുന്നു ഭീഷണിപ്പെടുത്തല്‍. 

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് തോന്നിപ്പിക്കുന്ന വീഡിയോ നിര്‍മ്മിച്ചായിരുന്നു ഭീഷണിപ്പെടുത്തല്‍. നിലമ്പൂര്‍ എടവണ്ണ സ്വദേശി മുഹ്സിന്‍ (25) ആണ് അറസ്റ്റിലായത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഓര്ത്തോ വിഭാഗം ഡോക്ടറായിരുന്ന പ്രദീപ് കുമാറിന്‍റെ പരാതിയിലാണ് അറസ്റ്റ്. 

മുഹ്സിന്‍റെ ബന്ധുവിനെ ആറ് മാസം മുമ്പ് പ്രദീപ് കുമാര്‍ ചികിത്സിച്ചിരുന്നു. മുഹ്സിനായിരുന്നു രോഗിക്കൊപ്പം കൂട്ടിരിപ്പുകാരനായെത്തിയത്. ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിറങ്ങുമ്പോള്‍ ഇരുവരും ഡോക്ടറെ കാണാനെത്തി. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ മുഹ്സിന്‍ ഒളിക്യാമറയില്‍ ചിത്രീകരിച്ചിരുന്നു.  കൈക്കൂലി ആവശ്യപ്പെട്ട്  ഡോക്ടര്‍ വിളിച്ചു വരുത്തിയതാണെന്ന തരത്തില്‍ ഈ വീഡിയോ എഡിറ്റ് ചെയ്തു. ഇത് പ്രചരിപ്പിക്കാാതിരിക്കാൻ  10 ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് മുഹ്സിന്‍ ഡോ. പ്രദീപ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടു. പല തവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരാഴ്ച മുമ്പാണ് പ്രദീപ് കുമാര്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. സി.ഐ. എന്‍.ബി. ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

click me!