
ജയ്പൂർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേര് ശരീരത്തിന്റെ പുറംഭാഗത്ത് ടാറ്റൂ ചെയ്ത് യുവാവ്. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ ഗോപാൽ സഹരൺ എന്ന യുവാവാണ് ഭീകരാക്രമണങ്ങളിൽ രക്തസാക്ഷികളായ 71 സൈനികരുടെ പേരുകൾ ടാറ്റൂ ചെയ്തത്. നാൽപത് സൈനികരാണ് പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ കൂടി താൻ ടാറ്റൂ ചെയ്തുവെന്ന് സഹരൺ പറയുന്നു. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവരുടെ പേരുകൾ ഒരിക്കലും മറന്നു പോകാതിരിക്കാനാണ് ഇപ്രകാരം ചെയ്തതെന്നും ഗോപാൽ കൂട്ടിച്ചേർക്കുന്നു.
ബിക്കാനീറിലെ ഭഗത് സിംഗ് യൂത്ത് ബ്രിഗേഡുമായി സഹകരിച്ച് പ്രവർത്തിക്കുന്നയാളാണ് ഗോപാൽ സഹരൺ. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവരെ ആദരിക്കുന്നതിനായി ഈ സംഘടന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും ഗോപാൽ പറഞ്ഞു. ''നമ്മുടെ ധീര സൈനികരുടെ പേര് എന്നെന്നും ഓർമ്മിക്കപ്പെടണമെന്നും അതിന് വേണ്ടി വ്യത്യസ്തമായ രീതിയിൽ എന്തെങ്കിലും ചെയ്യണമെന്നും ഞാൻ തീരുമാനിച്ചിരുന്നു. പുൽവാമയിലെ 40 സൈനികരുൾപ്പെടെ മറ്റ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട 31 സൈനികരുടെ പേരുകൾ കൂടി ഞാൻ ടാറ്റൂ ചെയ്തു.'' ഗോപാൽ സഹരൺ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പേരുകൾ മാത്രമല്ല, ദേശീയ പതാകയുടെ ചിത്രം കൂടി ഗോപാൽ ടാറ്റൂ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam