പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫുചെയ്ത് പ്രചരിപ്പിച്ചെന്ന് ആരോപണം; യുവാവിന് നാട്ടുകാരുടെ പ്രാകൃത ശിക്ഷ

By Web TeamFirst Published Nov 17, 2018, 5:39 PM IST
Highlights

വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെ തല മുണ്ഡനം ചെയ്ത് മുഖത്ത് കറുത്ത പെയിന്റടിച്ച് നാട് മുഴുവന്‍ ചുറ്റിക്കുകയായിരുന്നു ഇവര്‍. ഇതിന് ശേഷം സമീപത്തുള്ള ഒരു കനാലില്‍ കൊണ്ടുപോയി കൊല്ലാനുള്ള ശ്രമത്തിനിടെ ചിലര്‍ ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു

അലിഗഢ്: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന് നാട്ടുകാരുടെ പ്രാകൃത ശിക്ഷ. ഉത്തര്‍പ്രദേശിലെ സഹാറാഖുര്‍ദിലാണ് സംഭവം നടന്നത്. 

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും പെണ്‍കുട്ടികളെ ശല്യം ചെയ്തുവെന്നും ആരോപിച്ചാണ് സഹാറാഖുര്‍ദ് സ്വദേശിയായ വഖീല്‍ എന്ന യുവാവിനെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. 

വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെ തല മുണ്ഡനം ചെയ്ത് മുഖത്ത് കറുത്ത പെയിന്റടിച്ച് നാട് മുഴുവന്‍ ചുറ്റിക്കുകയായിരുന്നു ഇവര്‍. ഇതിന് ശേഷം സമീപത്തുള്ള ഒരു കനാലില്‍ കൊണ്ടുപോയി കൊല്ലാനുള്ള ശ്രമത്തിനിടെ ചിലര്‍ ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. 

അതേസമയം യുവാവിനെതിരായ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും ആക്രമണത്തിന് നേതൃത്വം നല്‍കിയ ആളുകളെ അറസ്റ്റ് ചെയ്യുന്നതിന് പകരം യുവാവിനെ തന്നെ ജയിലിലാക്കിയ പൊലീസിന്റെ നടപടി ശരിയല്ലെന്നും യുവാവിന്റെ വീട്ടുകാര്‍ ആരോപിച്ചു. വഖീലിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തുവെന്നും അവരാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. 

വഖീലിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. 

click me!