ടോക്കിയോയുടെ നഷ്ടങ്ങളായി ബോള്‍ട്ടും ഫെല്‍പ്‌സും

By Web DeskFirst Published Aug 22, 2016, 12:47 PM IST
Highlights

റിയോ ഡ‍ി ജനീറോ: മൈക്കൽ ഫെൽപ്സും ഉസൈൻ ബോൾട്ടും മോ ഫറായും ഉൾപ്പെടെയുള്ള അതികായൻമാരില്ലാത്ത ഒളിംപിക്സാകും ടോക്കിയോയിലേത്. സിമോൺ ബൈൽസും കാറ്റി ലെഡാക്കിയും വാൻനീകെർക്കുമൊക്കെയായിരിക്കും ഒരുപക്ഷേ ടോക്കിയോയിൽ താരങ്ങളായേക്കും.

നീന്തൽക്കുളത്തിലെ ഇതിഹാസമായ മൈക്കൽ ഫെൽപ്സ്, ഒളിംപിക്സിൽ ട്രിപ്പിൾ ട്രിപ്പിൾ തികച്ച സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്, 5000,1000 മീറ്ററുകളിൽ സ്വർണ്ണം നിലനിർത്തിയ ബ്രിട്ടന്‍റെ മോ ഫറ, ഇവരൊക്കെയായിരുന്നു റിയോ ഒളിംപിക്സിനെ ജനകീയമാക്കിയതും കായിക ലോകത്തിന്റെ മനം കവർന്നതും. എന്നാൽ ഇനിയൊരു ഒളിംപിക്സിൽ  ഇവരാരുമില്ലെന്നത് സങ്കടകരമായ യാഥാർത്ഥ്യം.

നീന്തൽക്കുളത്തിലെ സുവ‍ർണ്ണമത്സ്യമായ  ഫെൽപ്സ് റിയോയിലേക്കില്ലെന്ന് പറഞ്ഞതാണ്. ഒടുവിൽ പലരുടേയും സ്നേഹപൂർവ്വമായ നിർബന്ധങ്ങൾക്ക് വഴങ്ങി റിയോയിലെത്തി. ഇത്തവണ മുങ്ങിയെടുത്തത് അഞ്ച് സ്വർണ്ണവും ഒരു വെള്ളിയും. ആകെ സുവർണ്ണനേട്ടം 23മാക്കി. ഇനിയൊരു ഒളിംപിക്സിനില്ലെന്ന് തീർത്ത് പറഞ്ഞ അമേരിക്കൻ നീന്തൽ ഇതിഹാസത്തെ ടോക്കിയോവിൽ കാണാനാവില്ലെന്നുറപ്പാണ്.

30 വയസുകാരനായ ബോൾട്ടും റിയോയിലെ ട്രാക്കിൽവെച്ച് ഒളിംപിക്സിനോട് വിടപറഞ്ഞിരിക്കുന്നു. ടോക്കിയോവിലേക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ബോൾട്ട് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഭൂരിഭാഗം ആരാധകർക്കും. സ്പോർട്സ്മാൻ സ്പിരിറ്റിന്റെ പ്രതീകമായ മോ ഫറാ. ലണ്ടനിലും റിയോയിലും 5000, 1000 മീറ്ററുകളിൽ  സ്വർണ്ണം നേടിയ താരം ടോക്കിയോവിലേക്കില്ലെന്ന് ആരോധകരോട് പറഞ്ഞുകഴിഞ്ഞു.ഒരുപക്ഷേ മാരത്തണിൽ മത്സരിച്ചേക്കുമെന്ന വിദൂര സൂചനകൾ നൽകിയിട്ടുണ്ട്.

ഫെൽപ്സും ബോൾട്ടുമൊന്നുമില്ലാതെ എന്ത് ഒളിംപിക്സെന്ന് ചോദിക്കുന്നവർ നിരവധി. അവർക്കുള്ള മറുപടിയാണ് അമേരിക്കൻ ജിംനാസ്റ്റ് സിമോൺ ബൈൽസും നീന്തൽ താരം കാറ്റി ലെഡാക്കിയും റിയോയിലെ വേഗറാണിയായ ജമൈക്കയുടെ എലെയ്ൻ തോംസണുമൊക്കെ. 400 മീറ്ററിൽ ലോക റെക്കോർഡിട്ട ദക്ഷിണാഫ്രിക്കയുടെ വാൻനീകെർക്കും  ഫെൽപ്സിനെ വിറപ്പിച്ച ജോസഫ് സ്കൂളിംഗുമൊക്കെ.

 

click me!