റിയോയില്‍ 26 ദിവസത്തിനിടെ പിറന്നത് 27 ലോക റെക്കോര്‍ഡുകള്‍

By Web DeskFirst Published Aug 23, 2016, 2:18 AM IST
Highlights

റിയോ ഡി ജനീറോ: എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന സുവർണ നിമിഷങ്ങൾ സമ്മാനിച്ചാണ് റിയോ ഒളിംപിക്സിന് തിരശീല വീണത്. 26 ദിവസത്തിനിടെ റിയോയിൽ ആകെ പിറന്നത് 27 ലോക റെക്കോർഡുകളായിരുന്നു. ട്രിപ്പിൾ ട്രിപ്പിൾ തികച്ച് ഉസൈൻ ബോൾട്ട് ഇതിഹാസങ്ങളുടെ ഇതിഹാസമായപ്പോൾ റിയോ അക്ഷരാർഥത്തിൽ വേഗരാജാവിലേക്കൊതുങ്ങി. ഫെൽപ്സിന്റെ 23 സ്വർണംപോലും  ബോൾട്ടിന്റെ വേഗത്തിന് പിന്നിലായി.

ഈ കൊലകൊമ്പൻമാരുടെ അജയ്യതയ്ക്കിടയിലും റിയോയിൽ പിറന്നത് 27 ലോകറെക്കോർ‍ഡുകൾ. അത്‍ലറ്റിക്സ്, ഷൂട്ടിംഗ്, നീന്തൽ, അമ്പെയ്ത്ത്, മോഡേൺ പെന്‍റാത്‍ലൺ, ട്രാക്ക് സൈക്ലിംഗ്, ഭാരോദ്വഹനം എന്നീ ഏഴിനങ്ങളിലായിരുന്നു റെക്കോർഡുകൾ. കൂടുതൽ നീന്തലിലും ഭാരോദ്വഹനത്തിലും, എട്ട് വീതം.  കാറ്റി ലെഡക്കി പുതുവേഗം കുറിച്ചത് 400, 800 മീറ്റർ ഫ്രീസ്റ്റൽ ഇനങ്ങളിൽ.

സൈക്ലിംഗിൽ ഏഴ് റെക്കോർഡുകൾ. ഇതിൽ മൂന്നും ബ്രിട്ടന് സ്വന്തം. അത്‍ലറ്റിക്സിൽ റിയോ കണ്ടത് മൂന്ന് റെക്കോർഡുകൾ. ട്രാക്കിലെ ആദ്യ ഇനമായ വനിതകളുടെ പതിനായിരം മീറ്ററിൽ അൽമാസ് അയന റെക്കോർഡ് തിളക്കത്തിലേക്ക് ഓടിയെത്തിയപ്പോൾ 400 മീറ്ററിൽ ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാൻ നീകിർക്ക് തിരുത്തിയത് മൈക്കൽ ജോൺസന്‍റെ 17 വർഷം പഴക്കമുള്ള റെക്കോർഡ്. വനിതകളുടെ ഹാമ‍ർ ത്രോയിൽ അനീറ്റ വ്ലോഡാർക്കിന്‍റെ നേട്ടവും ശ്രദ്ധേയമായി.

 

click me!