ട്രാക്കിലും നിരാശ തുടരുന്നു; അനസും ദ്യുതി ചന്ദും സെമി കാണാതെ പുറത്ത്

By Web DeskFirst Published Aug 13, 2016, 4:59 AM IST
Highlights

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സ് ട്രാക്കിലും ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു. 400 മീറ്ററില്‍ മലായാളി താരം മുഹമ്മദ് അനസ് സെമി ഫൈനല്‍ കാണാതെ പുറത്തായി. 45.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അനസിന് ഹീറ്റ്സില്‍ ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞുളളൂ. ദേശീയ റെക്കോര്‍ഡോടെ റിയോയിലേക്ക് യോഗ്യത നേടിയ പ്രകടം ആവര്‍ത്തിക്കാന്‍ അനസിന് കഴിഞ്ഞില്ല. ഹീറ്റ്സില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ മാത്രമേ ഫൈനല്‍ യോഗ്യത നേടൂ.

വനിതകളുടെ 100 മീറ്ററിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 100 മീറ്ററിലെ ഇന്ത്യന്‍ സാന്നിധ്യമായിരുന്ന ദ്യുതി ചന്ദിന് സെമിയിലേക്ക് കടക്കാനായില്ല. ഹീറ്റ്സില്‍ ഏഴാം സ്ഥാനത്താണ് ദ്യുതി ഫിനിഷ് ചെയ്തത്. 11.69 സെക്കന്‍ഡിലാണ് ദ്യുതി ഓടിയെത്തിയത്. 11.23 സെക്കന്‍റില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ടിയാനയാണ് ഹീറ്റ്സില്‍ ഒന്നാമതെത്തിയത്.

പുരുഷന്‍മാരുടെ ലോംഗ് ജംപ് യോഗ്യതാ റൗണ്ടില്‍ 7.67 മീറ്റര്‍ ചാടി ബി ഗ്രൂപ്പില്‍ പന്ത്രണ്ടാമനായി ഫിനിഷ് ചെയ്ത അങ്കിത് ശര്‍മയ്ക്കും ഫൈനലിന് യോഗ്യത നേടാനായില്ല. ഇന്നലെ വനിതകളുടെ ഷോട്ട് പുട്ടില്‍ മന്‍പ്രീത് കൗറും പുരുഷന്‍മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും ഫൈനലിലേക്ക് യോഗ്യത നേടാനാവാതെ പുറത്താഇരുന്നു.

പുരുഷന്‍മാരുടെ 20കിലോമീറ്റര്‍ നടത്ത മത്സരത്തിലും ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. ഈ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ മൂന്നു താരങ്ങളില്‍ രണ്ടുപേര്‍ അയോഗ്യരായി.  ഗുര്‍മീത് സിംഗും ഗണപതി കൃഷ്ണനും അയോഗ്യരായപ്പോള്‍  മനീഷ് സിംഗ് പതിമൂന്നാമനായി ഫിനിഷ് ചെയ്തു. ചൈനയുടെ വാങ് സെന്‍ സ്വര്‍ണവും  കെയ് സെലിന്‍ വെളളിയും നേടി. ഓസ്‍ട്രേലിയക്കാണ് വെങ്കലം.

 

click me!